ഇടുക്കി : പൂജ അവധി ദിവസങ്ങളിൽ മൂന്നാറിലേക്ക് വിനോദസഞ്ചാരികൾ കൂട്ടമായെത്തിയപ്പോൾ കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസ് സർവീസിനും മികച്ച വരുമാനം ലഭിച്ചു. ഒക്ടോബർ 17 മുതൽ 21 വരെയുള്ള അഞ്ചു ദിവസത്തിനിടെ 1191 പേരാണ് രണ്ടു ഡബിൾ ഡെക്കർ ബസുകളിൽ യാത്ര ചെയ്തത്. 4,06,000 രൂപ വരുമാനമായി ലഭിച്ചു.
മുകൾ നിലയിൽ ഒരാൾക്ക് 400 രൂപയും താഴത്തെ നിലയിൽ 200 രൂപയാണ് നിരക്ക്. മുകൾ നിലയിൽ 38 സീറ്റും താഴത്തെ നിലയിൽ 12 സീറ്റുമാണുള്ളത്. രാവിലെ 9 മുതൽ വൈകീട്ട് 4.30 വരെ ആറ് സർവീസുകളാണ് രണ്ടു ബസും കൂടി നടത്തുന്നത്. മൂന്നാറിലേക്ക് എത്തുന്ന വിനോദസഞ്ചാരികൾക്ക് വേറിട്ട യാത്രാനുഭവം സമ്മാനിക്കുന്ന പദ്ധതിയാണ് കെഎസ്ആർടിസിയുടെ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസുകൾ.
മൂന്നാറിലെ മഞ്ഞുമൂടിയ മലനിരകളുടെയും പച്ചപ്പാർന്ന തേയിലത്തോട്ടങ്ങളുടെയും മനോഹാരിത ആസ്വദിച്ചുകൊണ്ടുള്ള യാത്രയാണ് ഡബിൾ ഡെക്കർ ബസുകളെ സഞ്ചാരികളുടെ പ്രിയപ്പെട്ട ആകർഷണമാക്കി മാറ്റുന്നത്. മൂന്നാറിൽ നിന്നു കൊച്ചി – ധനുഷ്‌കോടി ദേശീയപാതയിലൂടെ ആനയിറങ്കൽ ഡാമിനു സമീപം വരെയാണ് യാത്ര. അഞ്ചിടങ്ങളിൽ ബസ് നിർത്തി പ്രകൃതി സൗന്ദര്യം ആസ്വദിക്കാം.





