തിരുവനന്തപുരം : സംസ്ഥാനത്ത് നാല് ദിവസമായി തുടരുന്ന മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ്. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും, തിരുവനന്തപുരം മുതല്‍ കോട്ടയം വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
തിങ്കളാഴ്ചയോടെ സംസ്ഥാനത്തെ മഴയുടെ ശക്തികുറയുമെന്നാണ് വിലയിരുത്തല്‍. തെക്കന്‍ ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ മഴയുടെ ശക്തി കുറയുമെങ്കിലും എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ മഴ വീണ്ടും തുടരും. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ തിങ്കളാഴ്ചയും ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്.
കേരള തീരത്ത് ഇന്ന് കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഉയര്‍ന്ന തിരമാല ജാഗ്രതയുടെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.






