പത്തനംതിട്ട : പതിനാലുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ പ്രതിക്ക് 50 വർഷം കഠിനതടവും, 6 ലക്ഷം രൂപ പിഴയും വിധിച്ച് പത്തനംതിട്ട അതിവേഗസ്പെഷ്യൽ കോടതി (പോക്സോ ) ജഡ്ജി ഡോണി തോമസ് വർഗീസ്. 2020 ഒക്ടോബർ 22 ന് പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. ചെന്നീർക്കര പ്രക്കാനം തോട്ടുപുറം പ്ലാമൂട്ടിൽ വീട്ടിൽ സുജിത്തി(43)നെയാണ് കോടതി ശിക്ഷിച്ചത്.
ബലാൽസംഗത്തിനും, പോക്സോ നിയമത്തിലെ വകുപ്പുകൾ 6, 5( n) എന്നിവയ്ക്കുമായി 20 വർഷം വീതം കഠിനതടവും 2 ലക്ഷം രൂപ വീതം പിഴയും വിധിച്ചു. പോക്സോ വകുപ്പുകൾ 10,9(n) എന്നിവ പ്രകാരമുള്ള കുറ്റങ്ങൾക്ക് 5 വർഷം കഠിനതടവും ഒരു ലക്ഷം പിഴയും, ഭീഷണിപ്പെടുത്തിയ കുറ്റത്തിന് രണ്ട് വർഷവും, ബാലനീതി നിയമം വകുപ്പ് 75 പ്രകാരം 3 വർഷവും ഒരു ലക്ഷം രൂപ പിഴയും എന്നിങ്ങനെയാണ് കോടതി പ്രതിയെ ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ചൊരു കാലയളവ് അനുഭവിച്ചാൽ മതി. പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷത്തെ അധിക കഠിനതടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.
പോലീസ് ഇൻസ്‌പെക്ടർ എ ആർ ലീലാമ്മയാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജെയ്‌സൺ മാത്യൂസ് കോടതിയിൽ ഹാജരായി.