തിരുവല്ല : തിരുവല്ലയിലെ മണിപ്പുഴയിൽ കണ്ടെത് പുലിയല്ലെന്നും പൂച്ചപ്പുലിയാണെന്നും വനപാലകർ. ഇതോടെ മണിപ്പുഴ പ്രദേശവാസികളിലെ ചങ്കിലെ തീ അണഞ്ഞു. ഇന്ന് രാവിലെ മുതൽ മണിപ്പുഴയിൽ പുലിയിറങ്ങി എന്ന തരത്തിലുള്ള വാർത്തയും വീഡിയോയും വ്യാപകമായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെ പ്രദേശവാസികൾ ഭീതിയിലായി.
നെടുമ്പ്രം പഞ്ചായത്ത് ഏഴാം വാർഡിൽ മണിപ്പുഴ പെട്രോൾ പമ്പിന് പിൻവശത്ത് മണിപ്പുഴ -പഞ്ചമി റോഡിൽ ഇന്ന് രാവിലെ ആറു മണിയോടെയാണ് സമീപവാസികൾ ജീവിയെ ആദ്യം കണ്ടെത്. പട്ടിയുടെ നിർത്താതെയുള്ള കുര കേട്ട് നോക്കിയപ്പോൾ പുലിയെ പോലുള്ള ജീവിയെ കണ്ടെന്നും സമീപമെത്തിയപ്പോൾ അത് അടുത്ത പുരയിടത്തിലേക്ക് നടന്ന് പോയെന്നും പ്രദേശവാസികൾ പറഞ്ഞു. ഇവിടെ വലിയ ഭാഗം കാട് നിറഞ്ഞ നിലയിലാണ് അതിനാൽ കൂടുതൽ സമയം ഇതിനെ കാണാൻ സാധിച്ചില്ല.
അയൽവാസികൾ വാർഡ് മെമ്പർ എൻ എസ് ഗിരീഷ് കുമാറിനെ വിവരം അറിയിക്കുകയും തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിൽ പൂച്ചപുലിയെന്ന് സ്ഥികരിച്ചു. ഇതോടെ രാവിലെ മുതൽ പ്രദേശത്ത് നടന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടു. കണ്ടത് പൂച്ചപ്പുലിയാണെന്നും, അതിൽ ഒന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നും വനപാലകർ അറിയിച്ചു.