തിരുവനന്തപുരം : ശബരിമല യുവതി പ്രവേശ വിരുദ്ധ സമരത്തിൽ അയ്യപ്പ ഭക്തർക്കെതിരെ രജിസ്റ്റർ ചെയ്ത നൂറുകണക്കിന് ക്രിമിനൽ കേസുകൾ പിൻവലിക്കുന്ന കാര്യത്തിൽ സർക്കാരിന് തലവേദനയാകുന്നു. ശബരിമലയിൽ യുവതീ പ്രവേശത്തെ അനുകൂലിച്ച ദേവസ്വം ബോർഡ് തന്നെ അയ്യപ്പ സംഗമത്തിന് ചുക്കാൻ പിടിക്കുമ്പോൾ പഴയ കേസുകൾ എഴുതിത്തള്ളണമെന്ന ആവശ്യം വ്യാപകമായി ഭക്തർക്കിടയിൽ ഉയരുന്നുണ്ട്.
ആറായിരത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. പ്രതിസ്ഥാനത്തു നിന്നും ഒഴിവാക്കണമെന്നും കേസ് തള്ളണമെന്നും ആവശ്യപ്പെട്ട് ഇവർ കോടതി കയറിയിറങ്ങുന്നതിനിടയിലാണ് അയ്യപ്പസംഗമത്തിന് ഭക്തരെ സർക്കാർ നേരിട്ടു ക്ഷണിക്കുന്നത്.എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ക്ഷേത്രത്തിൽ ആരാധന നടത്താൻ അനുമതി നൽകിയ കോടതി ഉത്തരവ് നടപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതോടെയാണ് വിവിധ ഹൈന്ദവ സംഘടനകൾ ഉൾപ്പെടെ ഭക്തജനങ്ങൾ നാമജപ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
അതേസമയം ഈ മാസം 20ന് പമ്പയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്താൻ തീരുമാനിച്ചിരിക്കുന്ന അയ്യപ്പ ഭക്തരുടെ ആഗോള സമ്മേളനത്തിന് മുൻവ്യവസ്ഥയായി കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല സമിതി ഉൾപ്പെടെയുള്ള വിവിധ സാമൂഹിക, രാഷ്ട്രീയ സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്.
2019 ജനുവരി മൂന്നിന് സമിതി ആഹ്വാനം ചെയ്ത ഹർത്താലിന് ശേഷം, രണ്ടു വനിതകൾ ക്ഷേത്രത്തിൽ പോലീസ് സംരക്ഷണത്തിൽ എത്തിയതായി വാർത്ത പുറത്തു വന്നതിനെത്തുടർന്നാണ് വലിയ സംഘർഷം ഉണ്ടായത്. പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കെതിരെ രജിസ്റ്റർ ചെയ്ത ‘ഗുരുതരമല്ലാത്ത’ കേസുകൾ പിൻവലിക്കാൻ നാല് വർഷം മുമ്പ് സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചിരുന്നു.
സംസ്ഥാനത്തെ മിക്കവാറും എല്ലാ പോലീസ് സ്റ്റേഷനുകളിലുമായി കർമസമിതി നേതാക്കളായ എസ്.ജെ.ആർ. കുമാറിനും കെ.പി. ശശികലയ്ക്കുമെതിരെയാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. ഏകദേശം 1,000 കേസുകൾ വീതം. കേസുകൾ കൈകാര്യം ചെയ്യാൻ സമിതി 4.5 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് കുമാർ പറയുന്നു
കേസുകൾ പിൻവലിക്കാൻ സംസ്ഥാന സർക്കാർ രാഷ്ട്രീയ തീരുമാനം എടുത്താലും, ഒടുവിൽ കേസുകൾ ചാർജ് ചെയ്തിട്ടുള്ള വിചാരണ കോടതികളായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. കോടതികൾക്ക് ഹർജി തള്ളിക്കളയാനും കേസുകൾ തുടരന്വേഷണം നടത്താനും കഴിയും.