ശബരിമല: ശബരിമലയിൽ ഡോളിക്ക് പ്രീപെയ്ഡ് സംവിധാനം ഒരുക്കുന്നതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാവിലെ ഡോളി തൊഴിലാളികൾ നടത്തിയ മിന്നൽ സമരം പിൻവലിച്ചു. ശബരിമല അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഡോ. അരുൺ എസ്. നായരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലൂടെയാണ് സമരം പിൻവലിച്ചത് .
പൊലീസ്, എ.ഡി.എം. എന്നിവരുടെ സാന്നിധ്യത്തിൽ തൊഴിലാളികളുടെ ആവശ്യങ്ങൾ ദേവസ്വം ബോർഡ് അധികൃതർക്കു മുമ്പിൽ അവതരിപ്പിക്കുന്നതിന് അവസരമൊരുക്കുമെന്ന് എ.ഡി.എം. തൊഴിലാളികൾക്ക് ഉറപ്പുനൽകിയതിനെ തുടർന്നാണ് തൊഴിലാളികൾ സമരം പിൻവലിച്ചത്. തൊഴിലാളികളുടെ ആവശ്യങ്ങൾ രേഖാമൂലം നൽകുന്നതിന് എ.ഡി.എം. നിർദ്ദേശം നൽകി. പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ദേവസ്വംബോർഡ്, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.