ശബരിമല: ശബരിമല മകരവിളക്ക് തീര്‍ത്ഥാടനകാലത്തെ പടിപൂജയ്ക്ക് നാളെ (ജനുവരി 16) തുടക്കം. വ്രതാനുഷ്ഠാനങ്ങളോടെ ഇരുമുടിക്കെട്ടേന്തി ദര്‍ശനത്തിനായി ഭക്തര്‍ കയറുന്ന പവിത്രമായ പതിനെട്ടു പടികളിലും പൂക്കളും പട്ടുവസ്ത്രങ്ങളും ദീപങ്ങളും അര്‍പ്പിച്ചാണ് പടിപൂജ നടത്തുന്നത്.
ദീപാരാധനയ്ക്ക് ശേഷം 6.45 മണിയോടെയാണ് പൂജ നടക്കുക. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെയും മേല്‍ശാന്തി ഇ.ഡി പ്രസാദ് നമ്പൂതിരിയുടെയും കാര്‍മികത്വത്തിലാണ് ഒരു മണിക്കൂറോളം നീളുന്ന പൂജ. ഈ സമയം ഭക്തര്‍ക്ക് പ്രവേശനമില്ല.
ഓരോ പടിയിലും ദേവചൈതന്യം ആവാഹിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. ശബരിമല അടക്കമുളള പതിനെട്ട് മലകളെയാണ് പടികള്‍ പ്രതിനിധാനം ചെയ്യുന്നതെന്നാണ് സങ്കല്‍പ്പം. ദീപപ്രഭയില്‍ ജ്വലിച്ച് പുഷ്പങ്ങളാല്‍ അലംകൃതമായ പതിനെട്ടുപടികളുടെ അപൂര്‍വ്വ കാഴ്ച ഭക്തര്‍ക്ക് സായൂജ്യമേകും.






