പത്തനംതിട്ട : ശബരിമല നിറപുത്തരി ആഘോഷത്തിനായി ക്ഷേത്രനട ഞായറാഴ്ച തുറക്കും. 11 ന് വൈകിട്ട് 5ന് മേൽശാന്തി പി എൻ മഹേഷ് നട തുറന്ന് ദീപം തെളിക്കും. 12 ന് പുലർച്ചെ 5.30 നും 6 .45 നും ഇടയിലാണ് നിറപുത്തരി ആഘോഷം നടക്കുക. നിറപുത്തരി ആഘോഷത്തിനായി ഭക്തർ ജില്ലക്ക് അകത്തും പുറത്തുമായി വിവിധയിടങ്ങളിലാണ് നെൽകൃഷി ചെയ്തിട്ടുണ്ട്.
ഇവ കൊയ്ത് കറ്റകളാക്കി ഇരുമുടിക്കെട്ടിനൊപ്പം ഭക്തർ ഞായറാഴ്ച സന്നിധാനത്ത് എത്തി പതിനെട്ടാം പടിക്കു താഴെ സമർപ്പിക്കും. തുടർന്ന് തന്ത്രിയും മേൽശാന്തിയും തീർത്ഥം തളിച്ച് ശുദ്ധി വരുത്തി വാദ്യമേളങ്ങളോടെ കിഴക്കേ മണ്ഡപത്തിലേക്ക് സ്വികരിക്കും.
തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുക. പൂജിച്ച ശേഷം ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്യും. ക്ഷേത്രത്തിലെ പൂജകൾ പൂർത്തിയാക്കി 12 ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.