ശബരിമല: ശബരിമലയിൽ പള്ളിവേട്ട ഇന്ന് നടക്കും. പള്ളിവേട്ടയ്ക്കായി
അയ്യപ്പൻ വ്യാഴാഴ്ച രാത്രി ശരം കുത്തിയിലേക്ക് എഴുന്നള്ളും. അത്താഴപൂജയ്ക്കും ശ്രീഭൂതബലിയ്ക്കും വിളക്കെഴുന്നള്ളിപ്പിനും ശേഷമാകും സന്നിധാനത്തു നിന്നുള്ള ഭഗവാന്റെ പുറപ്പാട്.
ആനപ്പുറത്തേറിയെത്തുന്ന വില്ലാളി വീരനു മുന്നിൽ അമ്പും വില്ലുമായി പടക്കുറുപ്പ് നീങ്ങും.വേട്ടയെത്തുന്ന സങ്കല്പത്തിൽ മേളവും താളവുമില്ലാതെ നിശ്ശബ്ദമായാണ് വരവ്. ശരംകുത്തിയിലെത്തിയാൽ ചടങ്ങ് തുടങ്ങും.
പ്രത്യേകം തയ്യറാക്കിയ വനത്തിലേക്ക് അമ്പ് അയയ്ക്കുന്നതോടെ പള്ളിവേട്ട നടന്നു എന്നതാണ് സങ്കല്പം. വേട്ടപൂർത്തിയായതിന്റെ സന്തോഷത്തിൽ മേള, ദീപ പ്രൗഢിയോടെയാണ് സന്നിധാനത്തേക്കുള്ള മടക്കം. തിരികെ ശ്രീകോവിലിലേക്ക് കയറാതെ പ്രത്യേകം തയ്യാറാക്കുന്ന മണ്ഡപത്തിൽ തന്നെയാണ് ഭഗവാന് പള്ളിയുറക്കം.
പള്ളിവേട്ടയെ തുടർന്നുള്ള അശുദ്ധികാരണമാണ് നിദ്ര ശ്രീകോവിലിന് പുറത്താക്കുന്നത്. പുലർച്ചെ പശുക്കിടാവിനെ കണികണ്ടുണരുന്ന അയ്യപ്പൻ അഭിഷേകവും നിരാജനവും സ്വീകരിച്ച് ശ്രീകോവിലിലേക്ക് മടങ്ങും.
പതിവ് പൂജകൾക്കുശേഷം ആറാട്ട് അനുബന്ധ ചടങ്ങുകളും നടക്കും. തുടർന്നാണ് പമ്പയിലേക്കുള്ള ആറാട്ട് എഴുന്നള്ളത്തും ആറാട്ടും നടക്കുക.