പത്തനംതിട്ട: സീതത്തോട് നിന്ന് വെള്ളം പമ്പ് ചെയ്ത് നിലയ്ക്കൽ ബേസ് ക്യാമ്പിൽ എത്തിക്കുന്ന പദ്ധതി ഈ തീർത്ഥാടന കാലത്ത് തന്നെ യാഥാർത്ഥ്യമാക്കാനാണ് സർക്കാർ പരിശ്രമിക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. തീർത്ഥാടനവുമായി ബന്ധപ്പെട്ട ജലസേചന വകുപ്പ്, വാട്ടർ അതോറിറ്റി എന്നിവയുടെ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് പമ്പ വാട്ടർ അതോറിറ്റി ഗസ്റ്റ് ഹൗസിൽ ചേർന്ന അവലോകനയോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവിൽ പമ്പയിൽ നിന്ന് ടാങ്കറുകളിലാണ് നിലയ്ക്കലിൽ വെള്ളം എത്തിക്കുന്നത്. തീർത്ഥാടകർ കൂടുതലായി എത്തുന്ന സമയത്ത് ഇത് ബുദ്ധിമുട്ടാകുന്നു. പമ്പിങ് സംവിധാനം പ്രവർത്തനസജ്ജമാക്കുന്നതോടുകൂടി
പമ്പയിൽ 10 ലക്ഷം ലിറ്റർ സംഭരണ ശേഷയുള്ള ടാങ്ക് ക്രമീകരിച്ചിട്ടുണ്ട്. മണിക്കൂറിൽ 15000 ലിറ്റർ ശേഷിയുള്ള ആർ. ഒ പ്ലാന്റുകളും സ്ഥാപിച്ചിട്ടുണ്ട്. പമ്പയിൽ വരുന്ന വെള്ളം വീണ്ടും ശുദ്ധീകരിച്ച് ടാപ്പിൽ നിന്ന് കുടിക്കാൻ പകത്തിലാണ് നൽകുന്നത്. പ്രവർത്തനങ്ങൾ കൃത്യതയോടെ നിരീക്ഷിക്കുന്നതിനും അറ്റകുറ്റപണികൾക്കുമായി 12 പേരുടെ സംഘത്തെ 24 മണിക്കൂറും വിന്യസിക്കും. ശബരിമല പാതയിൽ ജലവിതരണം ഉറപ്പാക്കുന്നതിന് നീലിമല ബോട്ടം, നീലിമല ടോപ്പ്, അപ്പാച്ചിമേഡ്, ശരംകുത്തി എന്നിവിടങ്ങളിൽ വാട്ടർ അതോറിറ്റിയുടെ ജലസംഭരണികളും പമ്പ മുതൽ ശരംകുത്തി വരെ ശുദ്ധജലം എത്തിക്കുന്നതിനു പമ്പ് ഹൗസുകളും പ്രവർത്തനസജ്ജമാണ്. സന്നിധാനത്ത് സ്റ്റാൻഡ് ബൈ ആയി 50 ലക്ഷം ലിറ്ററിന്റെ ടാങ്കും സജ്ജമാക്കി.
ഒന്നേകാൽ കിലോമീറ്റർ നീളമുള്ള സ്നാനഘട്ടത്തിന്റെ ക്ലീനിങ്ങും ലെവലിംഗും, സ്നാനഘട്ടത്തിലെ സ്റ്റെപ്പുകളുടെ പുനരുദ്ധാരണം, പാലങ്ങളുടെ പെയിൻറിംഗ്, മുപ്പതോളം കടവുകളുടെ ക്ലീനിങ്ങും ഫെൻസിങ്ങും, കടവുകളിലും സ്നാന ഘട്ടത്തിലും വിവിധ ഭാഷയിലുള്ള മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുന്നത് തുടങ്ങിയ ജലസേചന വകുപ്പിന്റെ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. നവംബർ 10 നകം എല്ലാ പ്രവൃത്തികളും പൂർത്തിയാക്കണമെന്ന് മന്ത്രി നിർദേശിച്ചു.
ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്‌ണൻ, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. എസ്.ഗോപി, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.