പത്തനംതിട്ട : ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി നടത്തേണ്ട സുരക്ഷാക്രമീകരണങ്ങൾ കുറ്റമറ്റ രീതിയിലാക്കണമെന്ന് ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ സുരക്ഷാ യാത്ര കലക്ടറേറ്റ് അങ്കണത്തിൽ ഫ്ലാഗ് ഓഫ് ചെയ്ത് വിലയിരുത്തിയ ശേഷമാണ് നിർദ്ദേശം.
കടവുകളിൽ സുരക്ഷ വേലികൾ സ്ഥാപിക്കാൻ ബാക്കിയുള്ളത് അടിയന്തരമായി പൂർത്തിയാക്കണം. തദ്ദേശ വകുപ്പിന്റെ നേതൃത്വത്തിൽ ലൈഫ് ഗാർഡുകളെ കടവുകളിൽ നിയോഗിക്കും. തദ്ദേശ- വനം വകുപ്പുകളുടെ നേതൃത്വത്തിൽ കടവുകളിലേക്ക് ഇറങ്ങുന്ന വഴികളിലെ കാടുകൾ വെട്ടിതെളിക്കണം.
കടവുകളിലും യാത്ര വഴികളിലും സൈൻ ബോർഡുകൾ സ്ഥാപിക്കണം.
ഇടത്താവളങ്ങളിൽ തീർത്ഥാടകർക്ക് വിശ്രമിക്കുന്നതിന് ആവശ്യമായ സൗകര്യം, കുടിവെള്ളം, പാർക്കിംഗ് സൗകര്യങ്ങൾ തുടങ്ങിയവ ഉറപ്പാക്കണം. ശബരിമല പാതയിൽ തെരുവ് വിളക്കുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. റോഡുകളിൽ ബ്ലിങ്കേഴ്സ്, ക്രാഷ് ബാര്യറുകൾ തുടങ്ങിയവ സ്ഥാപിച്ച് അപകടരഹിതമായ സാഹചര്യവും സൃഷ്ടിക്കണം.
പത്തനംതിട്ട ഇടത്താവളം, വടശ്ശേരിക്കര അക്വഡേറ്റിന് സമീപമുള്ള സ്നാനഘട്ടം, ചെറുകാവ് ദേവീക്ഷേത്രത്തിന് സമീപമുള്ള തീർത്ഥാടക കേന്ദ്രം, കല്ലാർ കടവ് സ്നാനഘട്ടം, ബംഗ്ലാകടവ്, പ്രയാർ വിഷ്ണു ക്ഷേത്രം, പള്ളിപ്പടിക്കടവ്, മാടമൺ മുണ്ടപ്ലാക്കൽപടി കടവ്, മുളങ്കുന്നിൽ കടവ്, വള്ളക്കടവ്, ഋഷികേശ ക്ഷേത്രം, പൂവത്തുമൂട് കടവ്, പെരുനാട് മടത്തുംമൂഴി ഇടത്താവളം, ളാഹ വലിയ വളവ്, വിളക്കുവഞ്ചി വളവ്, രാജാമ്പാറ ഫോറസ്റ്റ് സ്റ്റേഷൻ നിലയ്ക്കൽ ബേസ് ക്യാമ്പ്, ചാലക്കയം, പമ്പ തുടങ്ങിയ സ്ഥലങ്ങളിലാണ് സന്ദർശനം നടത്തിയത്.
ശബരിമല എഡിഎം ഡോ.അരുൺ എസ്.നായർ, ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാർ,ജില്ലാ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ആർ. രാജലക്ഷ്മി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.