തിരുവല്ല : നഗരസഭയിലെ കേന്ദ്ര പദ്ധതികൾ അട്ടിമറിക്കാൻ ഗൂഢ നീക്കമെന്ന് ബിജെപി. തിരുവല്ല നഗരസഭയ്ക്ക് നാഷണൽ ഹെൽത്ത് മിഷന്റെ കീഴിൽ ഒരുകോടി 33 ലക്ഷം രൂപ അനുവദിച്ചിരുന്നു.മൂന്ന് വെൽനസ് സെന്ററുകളും അതോടൊപ്പം കാവുംഭാഗം അർബൻ ഹെൽത്ത് സെന്റർ പോളി ക്ലിനിക്കായി ഉയർത്തുന്നതിനുമാണ് ഈ തുക അനുവദിച്ചത്.
പതിനേഴാം വാർഡിൽ ഇരുവള്ളിപ്രയിൽ വെൽനസ് സെന്റർ ആരംഭിക്കുകയും തിരുമൂലപുരത്ത് നഗരസഭയുടെ ഉടമസ്ഥതയിലുള്ള കമ്മ്യൂണിറ്റി ഹാൾ വെല്‍നസ് സെന്റർ ആയി പ്രവർത്തിക്കുന്നതിന് നിർമ്മാണ ഉദ്ഘാടനവും നടന്നു.കഴിഞ്ഞ കുറച്ച് വർഷങ്ങളായി നാശോൻമുഖമായി കിടന്ന കമ്മ്യൂണിറ്റി ഹാൾ കെട്ടിടം നിലനിർത്തിക്കൊണ്ടുതന്നെ വെൽനസ് സെന്റർ ആരംഭിക്കുന്നതിന് കൗൺസിൽ അംഗീകാരം കൊടുക്കുകയും ജില്ലാതലത്തിൽ നിന്നും ഹെൽത്ത് മിഷന്റെ ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തി അനുയോജ്യമായ സ്ഥലം ആണെന്ന് കണ്ടെത്തുകയും ഉണ്ടായി.
മൂന്നാമത്തെ വെൽനസ് സെന്ററിനുള്ള സ്ഥലവും കെട്ടിടവും കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിക്കേണ്ടതാണ്.സാധാരണക്കാരായ ജനങ്ങൾക്ക് പല കാര്യങ്ങൾക്കും തിരുവല്ല താലൂക്ക് ആശുപത്രിയെ ആശ്രയിക്കാതെ വെൽനസ് സെന്ററിൽ ചികിത്സ തേടാവുന്ന പദ്ധതിയെയാണ് ഒരു കൂട്ടർ അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്നാണ് ബിജെപി ആരോപണം .അടിക്കടി കേന്ദ്രപദ്ധതികൾ അട്ടിമറിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അടിയന്തരമായി വെൽനസ് സെന്ററുകൾ ആരംഭിക്കണം എന്നും ബിജെപി പാർലമെന്റ് പാർട്ടി ലീഡർ ശ്രീനിവാസ് പുറയാറ്റ്, കൗൺസിലർമാരായ വിജയൻ തലവന, മിനി പ്രസാദ്, ഗംഗ രാധാകൃഷ്ണൻ, വിമൽ ജി, പൂജാ ജയൻ എന്നിവർ ആവശ്യപ്പെട്ടു.