അടൂർ: ചേന്നമ്പളളി കരമാലേത്ത് വീട്ടിൽ പരേതനായ ചിന്നയ്യ ചെട്ടിയാരുടെ ഭാര്യ സരോജിനിയമ്മാൾ (90)നാണ് മക്കളുടെ അവഗണനയെ തുടർന്ന് അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിൽ അഭയം തേടേണ്ടിവന്നത്. ആറ് മക്കളുടെ അമ്മയായ സരോജിനിയമ്മ സർക്കാർ സ്‌കൂളിൽ കുട്ടികൾക്ക് കഞ്ഞിവെച്ച് കൊടുത്തും, ചായക്കട നടത്തിയുമാണ് മക്കളെ വളർത്തിയത്. വർഷങ്ങൾക്ക് മുമ്പ് ഭർത്താവിൻ്റെ മരണം ഒറ്റയാക്കിയെങ്കിലും തോറ്റു പോകാതെ ജീവിതം മക്കൾക്ക് വേണ്ടി മാറ്റിവയ്ക്കുകയായിരുന്നു സരോജിനിയമ്മാൾ.
ആറ് മക്കളിൽ മൂന്ന് പേർ മരണപ്പെട്ടു. മക്കളും കൊച്ചുമക്കളുമെല്ലാം നല്ല നിലയിലെത്തിയപ്പോൾ അവർക്ക് സരോജിനിയമ്മാൾ ഒരു ബാധ്യതയായി. അവഗണനയും ആക്ഷേപവും നിമിത്തം ആരുടെയും വീടുകളിലേക്ക് ചെല്ലാതെയായി.
വിദേശത്തും സ്വദേശത്തും സർക്കാരുദ്യോഗസ്ഥർ ഉൾപ്പടെ കൊച്ചുമക്കൾ ഉളള സരോജിനിയമ്മാൾ ഇപ്പോൾ താമസിക്കുന്നത് വഴിയില്ലാത്ത കാടുപിടിച്ച മലമുകളിലെ മൺകട്ട കെട്ടിയ ഇടിഞ്ഞ് വീഴാറായ വീട്ടിലാണ്. ഇതും മക്കളിൽ ആരുടെയോ അവകാശത്തിൽ ഉള്ളതാണ്. കക്കൂസോ, കുളിമുറിയോ, വെള്ളമോ, വൈദ്യുതിയോ ഇല്ലാതെ ദുരിതക്കയത്തിലായ സരോജനിയമ്മാൾ ജീവൻ നിലനിർത്തിയിരുന്നത് നാട്ടുകാരുടെ മനസാക്ഷിയിൽ കിട്ടുന്ന ഭക്ഷണം കൊണ്ട് മാത്രമായിരുന്നു.
നാട്ടുകാരിൽ ഒരാൾ മൊബൈലിൽ ഷൂട്ട് ചെയ്ത് ഷെയർ ചെയ്ത ഇവരുടെ ദുരിതകഥ അടൂർ മഹാത്മ ജനസേവനകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ലക്ക് ലഭിച്ചതോടെയാണ് വിവരം ജില്ലാകളക്ടർ സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസർ, അടൂർ ആർ.ഡി.ഒ എന്നിവരെ അറിയിച്ചത്. തുടർന്ന് ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഓഫീസർ ബി. മോഹനൻ, വാർഡ് മെമ്പർ സുജിത്, ആർ.ഡി.ഒ ഓഫീസ് ഉദ്യോഗസ്ഥൻ സുധീപ്കുമാർ എന്നിവർ സ്ഥലത്തെത്തുകയും ഇവരുടെ സാന്നിധ്യത്തിൽ മഹാത്മ ജനസേവനകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല, സെക്രട്ടറി പ്രീഷിൽഡ, പ്രവർത്തകരായ അക്ഷർരാജ്, പുഷ്പ സന്തോഷ്, അനീഷ് ജോൺ, അമൽ രാജ് എന്നിവർ സരോജിനി അമ്മാളിനെ ഏറ്റെടുക്കുകയും ചെയ്തു.
സരോജിനിയമ്മാളിൻ്റെ ദുരിത ജീവിതത്തിൽ പ്രതിഷേധം അറിയിച്ച നാട്ടുകാരോട് ഇവർക്ക് നിയമ സംരക്ഷണം മക്കൾക്കും കൊച്ചു മക്കൾക്കുമെതിരെ നിയമ നടപടികളും ഉണ്ടാകുമെന്ന് ഉറപ്പ് നല്കിയാണ് ജില്ലാ സാമൂഹ്യ നീതി ഓഫീസർ മടങ്ങിയത്.