പത്തനംതിട്ട : എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്ക് മുന്നിൽ നിന്നും മോഷ്ടിച്ച സ്കൂട്ടറുമായി കറങ്ങി നടന്നയാളെ പെരുമ്പുഴയിൽ വച്ച് വാഹനപരിശോധനയ്ക്കിടെ റാന്നി പോലീസ് പിടികൂടി. വടശ്ശേരിക്കര ചെറുകുളഞ്ഞി പൂവത്തുംതറയിൽ റിൻസൻ മാത്യു (36) വിനെയാണ് എസ് ഐ റെജി തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. എ എസ് ഐമാരായ അജു കെ അലി, സൂരജ്, എസ് സി പി ഓ അജാസ്, സി പി ഓമാരായ പ്രസാദ്, നിധിൻ എന്നിവരുമൊത്ത് വാഹനങ്ങൾ പരിശോധിക്കവേ, 21 ന് ഉച്ചക്ക് 12.30 ന് ശേഷമാണ് ഇയാൾ പോലീസിന്റെ വലയിൽ കുടുങ്ങിയത്.
പുനലൂർ മൂവാറ്റുപുഴ ദേശീയ പാതയിൽ റാന്നി ഭാഗത്തുനിന്നും സ്കൂട്ടർ ഓടിച്ചുവന്ന റിൻസൻ മാത്യു പോലീസിനെ കണ്ടു പരിഭ്രമിച്ചു. സംശയം തോന്നിയ പോലീസ് ഇയാളെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തപ്പോൾ ആണ് മോഷണ വാഹനമാണന്ന് പോലീസ് അറിയുന്നത്. തുടർന്നുള്ള അന്വേഷണത്തിൽ ഫെബ്രുവരി 14 ന് മോഷ്ടിച്ച സ്കൂട്ടർ റിൻസൻ ഉപയോഗിച്ച് വരികയായിരുന്നെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായി. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും മറ്റ് നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






