ഇടുക്കി : സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിന് കരുത്തേകി ആദ്യ ജലവിമാനം മാട്ടുപ്പെട്ടിയിൽ ലാൻഡ് ചെയ്തു.രാവിലെ 10.30നു കൊച്ചിയിലെ ബോൾഗാട്ടിയിൽ നിന്നു പറന്നുയർന്ന സീ പ്ലെയ്ൻ 10.57നാണ് അണക്കെട്ടിൽ പ്രത്യേകം തയാറാക്കിയ എയ്റോഡ്രോമിൽ ഇറങ്ങിയത്. ബോൾഗാട്ടി കായലിൽ നിന്നും ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് സീപ്ലെയ്ൻ ഉദ്ഘാടനം ചെയ്തു. മന്ത്രി റോഷി അഗസ്റ്റിൻ, എംഎൽഎമാരായ എം.എം.മണി, എ.രാജാ, ജില്ല കലക്ടർ വി.വിഘ്നേശ്വരി എന്നിവർ മാട്ടുപ്പെട്ടി ഡാമിൽ വിമാനത്തെ സ്വീകരിച്ചു.
ഇന്നലെയാണ് മൈസുരുവിൽ നിന്ന് കനേഡിയൻ കമ്പനിയുടെ ജലവിമാനം കൊച്ചിയിലെത്തിയത്. കരയിലും വെള്ളത്തിലും ഉപയോഗിക്കാൻ കഴിയുന്ന ആംഫിബിയസ് എയർക്രാഫ്റ്റാണിത്. ടൂറിസത്തിനു പുറമേ മെഡിക്കൽ ആവശ്യങ്ങൾക്കും വിഐപികൾക്കും ഉദ്യോഗസ്ഥ൪ക്കും അവശ്യഘട്ടങ്ങളിൽ സഞ്ചരിക്കാനും സീപ്ലെയിൻ ഉപയോഗിക്കാം.കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സീപ്ലെയിൻ ടൂറിസം സർക്യൂട്ട് രൂപീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.