ബെംഗളൂരു : ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിഞ്ഞു വീണു കാണാതായ അർജുനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. കരയിൽ ഡീപ് സെർച്ച് ഡിറ്റക്ടർ ഉപയോഗിച്ചുള്ള പരിശോധനയിൽ ലോഹസാന്നിധ്യമുണ്ടെന്ന സൂചന ലഭിച്ചതായാണ് വിവരം. നേരത്തേ അർജുന്റെ മൊബൈൽ സിഗ്നൽ ലഭിച്ച അതേ ഭാഗത്താണ് ഡിറ്റക്ടർ ഉപയോഗിച്ചുനടത്തിയ പരിശോധനയിൽ സൂചന ലഭിച്ചത്. ഈ സ്ഥലങ്ങളിൽ മണ്ണ് നീക്കി പരിശോധന നടത്തുകയാണ് കരസേന.
രണ്ട് സ്ഥലങ്ങളിൽ ആണ് റഡാറിൽ നിന്ന് സിഗ്നൽ ലഭിച്ചത്. 15 അടി താഴ്ചയിലുള്ള ലോഹവസ്തുക്കളെ വരെ കണ്ടെത്താൻ സഹായിക്കുന്ന ഡീപ്പ് സെർച്ച് മെറ്റൽ ഡിറ്റക്ടർ, ഫെറക്സ് ലോക്കേറ്റർ 120 എന്നീ ഉപകരണങ്ങൾ ഉപയോഗിച്ചാണ് പരിശോധന.
അതേസമയം ,മലയാളികളായ രക്ഷാപ്രവര്‍ത്തകരോട് തിരച്ചില്‍ നടക്കുന്ന മേഖലയില്‍നിന്ന് പുറത്തേക്ക് പോകാന്‍ കർണാടക പോലീസ് ആവശ്യപ്പെട്ടതായി പരാതി ഉയർന്നു . ഇന്ത്യൻ സൈന്യം മാത്രം അപകട സ്ഥലത്തു മതിയെന്നും അരമണിക്കൂറിനകം മറ്റുള്ളവർ സ്ഥലത്തുനിന്ന് മാറണമെന്നും പോലീസ് ആവശ്യപ്പെട്ടെന്നാണ് ആരോപണം .