തിരുവനന്തപുരം : വഞ്ചിയൂരിൽ നാഷനൽ ഹെൽത്ത് മിഷൻ ഉദ്യോഗസ്ഥ ഷിനിയെ എയർ പിസ്റ്റൾ കൊണ്ട് വെടിവച്ചു പരുക്കേൽപിച്ച കേസിൽ വനിതാ ഡോക്ടര്‍ അറസ്റ്റില്‍. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ പൾമനോളജിസ്റ്റായ ഡോ.ദീപ്തിമോൾ ജോസാണ് പിടിയിലായത് . ഇന്നലെ ഉച്ചയോടെ ആശുപത്രി പരിസരത്തു നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ആക്രമണം നടത്തിയ ശേഷം ദീപ്തി രക്ഷപ്പെട്ട കാറും പൊലീസ് കസ്റ്റഡിയിലെടുത്തു
ദീപ്തിമോള്‍ ജോസും വെടിയേറ്റ ഷിനിയുടെ ഭര്‍ത്താവ് സുജീത്തും അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാൽ പിന്നീട് ഇവർ തമ്മിൽ അകന്നു. ഇതുമൂലമുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു . ദീപ്തിയുടെ ഭര്‍ത്താവും ഡോക്ടറാണ്.
ഓൺലൈൻ വഴി എയർ പിസ്റ്റൾ വാങ്ങിയ ശേഷം പിസ്റ്റള്‍ ഉപയോഗിക്കാനും വെടിവയ്ക്കാനും ഇന്റര്‍നെറ്റില്‍ നോക്കി മാസങ്ങളോളം പരിശീലനം നടത്തി. ബന്ധുവിന്റെ വാഹനം താത്കാലികമായി വാങ്ങി എറണാകുളത്തെത്തി വ്യാജ നമ്പര്‍ പ്ലേറ്റ് തയ്യാറാക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു ആക്രമണം. ദീപ്തിയെ വൈകിട്ട് ആറുമണിയോടെ കമ്മിഷണർ ഓഫിസിൽ എത്തിച്ചു ചോദ്യം ചെയ്തു.