തിരുവനന്തപുരം : എസ്‌ഐആറില്‍ പ്രവാസി വോട്ടര്‍മാര്‍ക്ക് ഹിയറിങ് സമയത്ത് ഹാജരാകാതെ തന്നെ രേഖകള്‍ സമര്‍പ്പിക്കാമെന്ന് കമ്മീഷൻ.
അടുത്ത ബന്ധുക്കള്‍ രേഖകളുമായി ഹിയറിങ്ങിന് എത്തിയാല്‍ മതിയാകും. ഇതരസംസ്ഥാനങ്ങളില്‍ പഠിക്കുന്നവര്‍, കിടപ്പുരോഗികള്‍, ഗര്‍ഭിണികള്‍ എന്നിവരുടെയെല്ലാം രേഖകളും അടുത്ത ബന്ധുക്കള്‍ ഹാജരാക്കിയാല്‍ മതി.
ഹിയറിങ്ങിന് എത്താന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ പാര്‍ട്ടികളുടെ ബൂത്ത് ഏജന്റിനേയോ ബിഎല്‍ഒയേയോ അറിയിക്കണം. ആവശ്യമായ രേഖകളുടെ ഒറിജിനലിനോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു പകര്‍പ്പും ഹാജരാക്കണം.
ആധാര്‍, പാസ്പോര്‍ട്ട്, ജനന സര്‍ട്ടിഫിക്കറ്റ്, എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള 12 രേഖകളില്‍ ഒന്ന് ഹാജരാക്കണം. പകര്‍പ്പുകള്‍ നേരത്തെ ബിഎല്‍ഒമാര്‍ക്ക് നല്‍കിയിട്ടുണ്ടെങ്കില്‍ ഒറിജിനല്‍ മാത്രം ഹാജരാക്കിയാല്‍ മതി.
ഔദ്യോഗിക രേഖയായി ആധാര്‍ കാര്‍ഡ് ഹാജരാക്കുന്നവര്‍ മറ്റേതെങ്കിലും രേഖ കൂടി നല്‍കണം. കൂടാതെ എസ്‌ഐആര്‍ കരടുപട്ടികയിലെ പേരുവിവരങ്ങള്‍ തെറ്റാണെങ്കില്‍ ബിഎല്‍ഒമാരെ അറിയിക്കണം. ഹിയറിങ്ങിന് വരാന്‍ സാധിക്കാത്തവര്‍ക്കെല്ലാം മറ്റൊരു അവസരം കൂടി നല്‍കുമെന്ന് കമ്മീഷൻ അറിയിച്ചു






