തിരുവല്ല: മധ്യകേരളത്തിലെ പുരാതന ക്ഷേത്രങ്ങളിലൊന്നായ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് വേഗതയേറുന്നു. ക്ഷേത്രക്കുളം ജലവിഭവ വകുപ്പിന്റെ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കുമെന്ന് അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ അറിയിച്ചു. ഇതിനോടൊപ്പം ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകളുടെ പുനർനിർമാണവും ഉടൻ ആരംഭിക്കും.
ദേവസ്വം ബോർഡ് എൻജിനീയറിങ് വിഭാഗം തയ്യാറാക്കിയ നിലവിലെ എസ്റ്റിമേറ്റ് തുകയ്ക്ക് പുറമേ അധിക തുക ആവശ്യമായി വന്നാൽ എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകൾ പൂർണമായും ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
പദ്ധതികളുടെ ഭാഗമായി അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എയും ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയർ ഗീതയും ക്ഷേത്രസന്നിധിയിലെത്തി സ്ഥലം സന്ദർശിച്ചു. തുടർനടപടികൾ വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായും ജനപ്രതിനിധികളുമായും ഇവർ ചർച്ചകൾ നടത്തി.
ശ്രീവല്ലഭ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് എം.എം. മോഹനൻ നായർ, വൈസ് പ്രസിഡന്റ് ബാബു, സെക്രട്ടറി സനൽ കുമാർ, മറ്റ് ഭരണസമിതി അംഗങ്ങൾ, തിരുവല്ല നഗരസഭ ചെയർപേഴ്സൺ ലേഖ എസ്, ഡി.സി.സി. ജനറൽ സെക്രട്ടറി ആർ. ജയകുമാർ, യു.ഡി.എഫ്. കൺവീനർ ലാൽ നന്ദാവനം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് മുത്തൂർ, നഗരസഭാ കൗൺസിലർ ഷീല വർഗീസ് തുടങ്ങിയവരും മറ്റ് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളും സന്ദർശനത്തിലും ചർച്ചയിലും പങ്കെടുത്തു.





