തിരുവനന്തപുരം : ജന്മാഷ്ടമിദിനമായ ഇന്ന് ബാലഗോകുലം കേരളത്തിൽ11,500 ശോഭായാത്രകൾ സംഘടിപ്പിക്കും. ശോഭായാത്രകളിൽ അഞ്ചുലക്ഷം കുട്ടികൾ പങ്കെടുക്കും. രണ്ടരലക്ഷം കുട്ടികൾ കൃഷ്ണവേഷം കെട്ടും.
ഗ്രാമം തണലൊരുക്കട്ടെ, ബാല്യം സഫലമാകട്ടെ’ എന്നതാണ് ഇത്തവണത്തെ ശ്രീകൃഷ്ണജയന്തി സന്ദേശം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കൊല്ലം, കോട്ടയം, ഗുരുവായൂർ, ആറന്മുള തുടങ്ങിയ സ്ഥലങ്ങളിൽ വിപുലമായ ശോഭായാത്ര സംഗമങ്ങളും നടക്കും.
ഗോപൂജ, ഗോപികാനൃത്തം, ചിത്രരചന, വൃക്ഷപൂജ, സാംസ്കാരിക സംഗമങ്ങൾ, ഉറിയടി തുടങ്ങി വിവിധ പരിപാടികളുമുണ്ടാകും. ബാലഗോകുലം മാർഗദർശി എം.എ. കൃഷ്ണൻ കൊച്ചിയിലും സംസ്ഥാന അധ്യക്ഷൻ ആർ. പ്രസന്നകുമാർ തിരുവനന്തപുരത്തും പൊതുകാര്യദർശി കെ.എൻ. സജികുമാർ കോട്ടയത്തും ട്രഷറർ പി. അനിൽകുമാർ കൊല്ലത്തും നേതൃത്വം നൽകും.






