ആലപ്പുഴ: കേരള സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവം നവംബർ 15 മുതൽ 18 വരെ ആലപ്പുഴയിൽ നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ കൂടിയായ ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ജില്ല പഞ്ചായത്തിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ നവംബർ 15ന് വൈകിട്ട് നാലുമണിക്ക് സെന്റ് ജോസഫ്‌സ് സ്‌കൂളിൽ ശാസ്‌ത്രോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ വി.ശിവൻകുട്ടി, കെ. എൻ. ബാലഗോപാൽ, സംഘാടക സമിതി ചെയർമാൻ കൂടിയായ മന്ത്രി സജി ചെറിയാൻ, പി. പ്രസാദ് തുടങ്ങിയവർ പങ്കെടുക്കും.
നഗരത്തിലെ അഞ്ച് സ്‌കൂളുകളാണ് പ്രധാന വേദികളാവുക. ലിയോതേർട്ടീന്ത് ഹൈസ്‌കൂൾ, ലജനത്തുൽ മുഹമ്മദീയ ഹയർ സെക്കന്ററി സ്‌കൂൾ, സെന്റ് ജോസഫ് ഹൈസ്‌കൂൾ, എസ്.ഡി.വി.ബോയ്‌സ്, ഗേൾസ് എന്നീ സ്‌കൂളുകളിലെ പ്രത്യേകം സജ്ജമാക്കിയ വേദികളിലായാണ് മേള നടക്കുന്നത്. ശാസ്‌ത്രോത്സവത്തിന്റെ പ്രധാന വേദിയായ സെന്റ് ജോസഫ് ഹൈസ്‌കൂളിൽ സാമൂഹികശാസ്ത്ര, ഐടി മേളകളും, ലിയോ തേർട്ടീന്ത് സ്‌കൂളിൽ ശാസ്ത്രമേളയും, ലജ്ജനത്തുൽ മുഹമ്മദീയ ഹൈസ്‌കൂളിൽ ഗണിതശാസ്ത്രമേളയും, പ്രവർത്തി പരിചയമേള എസ്.ഡി.വി.ബോയ്‌സ്,ഗേൾസ് സ്‌കൂളുകളിലും ആണ് നടക്കുന്നത്. കരിയർ സെമിനാർ, കരിയർ എക്‌സിബിഷൻ,നിരവധി കലാപരിപാടികൾ തുടങ്ങിയവും ലിയോ തേർട്ടീന്ത് സ്‌കൂൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ വേദികളിലായി നടക്കും.
ഇത്തവണ സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് സംഘാടക സമിതിയുടെ നാമഥേയത്തിൽ എഡ്യുക്കേഷൻ മിനിസ്‌റ്റേഴ്‌സ് ട്രോഫി ഏർപ്പെടുത്തിയിട്ടുണ്ട്. 5,000 ത്തോളം വിദ്യാർത്ഥികൾ 180 ഓളം ഇനങ്ങളിലായാണ് സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയിൽ പങ്കെടുക്കുന്നത്. സബ്ജില്ലകളിൽ നിന്ന് ഒന്നാം സ്ഥാനം നേടി റവന്യൂ ജില്ലകളിൽ പങ്കെടുത്ത് അവിടുന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കി എത്തുന്ന വിദ്യാർത്ഥികൾ ആണ് സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിൽ പ്രതിഭകളായി പങ്കെടുക്കുന്നത്.
പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു രാവിലെ ഒമ്പതു മണിക്ക് പതാക ഉയർത്തുന്നതോടെ സ്‌കൂൾ ശാസ്‌ത്രോത്സവത്തിന്റെ രജിസ്‌ട്രേഷൻ നവംബർ-15 ന് പ്രധാന വേദിയായ സെന്റ് ജോസഫ്‌സ് സ്‌കൂളിൽ ആരംഭിക്കും. നവംബർ 15-ന് വൈകിട്ട് നാല് മണിക്ക് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രിപിണറായി വിജയൻ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും. ഫിഷറീസ് സാംസ്‌ക്കാരിക യുവജനക്ഷേമ വകുപ്പ് മന്ത്രിയും സംഘാടക സമിതി ചെയർമാനുമായ സജി ചെറിയാൻ, കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് എന്നിവർ വിശിഷ്ടാതിഥികളാകും.