കോട്ടയം : ബൈബിൾ പകർത്തി എഴുതി ചരിത്രത്തിൻ്റെ ഭാഗമാകാൻ 6800 ഓളം വരുന്ന സൺഡേസ്കൂൾ വിദ്യാർത്ഥികളും, അധ്യാപകരും ഒരുങ്ങുന്നു. മലങ്കര ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനത്തിൻ്റെ ശതോത്തര സുവർണ്ണ ജൂബിലിയുടെ ഭാഗമായി ഭദ്രാസന സണ്ടേസ്കൂൾ പ്രസ്ഥാനത്തിൻ്റെ അഭിമുഖ്യത്തിൽ സണ്ടേസ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും രക്ഷകർത്താക്കളും ചേർന്നാണ് വി. വേദപുസ്തകം ഒന്നിച്ച് പകർത്തി എഴുതുന്നത്.
ഭദ്രാസന മെത്രാപ്പോലീത്താ ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ്, വൈദീകർ, ഭാരവാഹികൾ അടക്കം 6800 വിശ്വാസികളാണ് 40 ദിവസത്തെ ആത്മീയ ഒരുക്കത്തിന് ശേഷം ആഗസ്റ്റ് 10 ഞായറാഴ്ച്ച വി. കുർബ്ബാനക്ക് ശേഷം ഒരേ സമയം വേദപുസ്തകം പകർത്തിയെഴുതുന്നത്. ലോകത്ത് തന്നെ ഇത്രയും പേർ ഒരുമിച്ച് ബൈബിൾ പകർത്തിയെഴുതുന്നത് ആദ്യ സംഭവമാണ്.
80 ദേവാലയങ്ങളിലെ വിശ്വാസികൾ വൈദികരുടെ നേതൃത്വത്തിൽ എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കി.പാമ്പാടി മേഖലയിലെ പങ്ങട സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് വചനമെഴുത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും. ബൈബിൾ പകർത്തിയെഴുതുന്ന പദ്ധതിയിൽ പങ്കാളികളാകുന്നവർക്ക് എഴുതേണ്ട വേദഭാഗങ്ങൾ നിശ്ചയിച്ച് നൽകിയിട്ടുണ്ട്.