തിരുവനന്തപുരം : സപ്ലൈക്കോയിൽ ഓണച്ചന്തകൾ ഇന്ന് ആരംഭിക്കാനിരിക്കെ അരിക്കും പഞ്ചസാരക്കും തുവരപരിപ്പിനും വില കൂട്ടി.കുറുവ അരിയുടെ വില കിലോയ്ക്ക് 30 രൂപയിൽനിന്നു 33 രൂപയാക്കി. മട്ട അരിക്കും കിലോയ്ക്ക് മൂന്നു രൂപ കൂട്ടി. പച്ചരി വില കിലോഗ്രാമിന് 26ൽനിന്ന് 29 രൂപയായി വർധിപ്പിക്കും. തുവരപ്പരിപ്പിന്റെ വില കിലോഗ്രാമിന് 111 രൂപയിൽനിന്ന് 115 ആക്കി. പഞ്ചസാരയ്ക്ക് ആറു രൂപ കൂട്ടി 33 രൂപയാക്കി.
ചെറുപയറിനും വെളിച്ചെണ്ണക്കും വില കുറച്ചിട്ടുണ്ട്. ചെറുപയറിന്റെ വില 92 രൂപയിൽനിന്ന് 90 ആയി കുറച്ചു.ഉത്പന്നങ്ങളുടെ മാര്‍ക്കറ്റ് വിലയിലുണ്ടായ വര്‍ധനയ്ക്ക് അനുസരിച്ചുള്ള ക്രമീകരണമെന്നാണ് സപ്ലൈക്കോ പറയുന്നത്.
ഇന്നു മുതൽ 14 വരെയാണ് സപ്ലൈക്കോയുടെ ഓണച്ചന്തകൾ.ജില്ലാതല ചന്തകൾ നാളെ മുതൽ 14 വരെ.13 ഇനം സബ്സിഡി സാധനങ്ങൾക്കു പുറമെ ശബരി ഉല്പന്നങ്ങൾ, എഫ് എം സി ജി ഉല്പന്നങ്ങൾ, മിൽമ ഉല്പന്നങ്ങൾ, കൈത്തറി ഉല്പന്നങ്ങൾ, പഴം, ജൈവപച്ചക്കറികൾ എന്നിവ മേളയിൽ വിലക്കുറവിൽ ലഭിക്കും