ആലപ്പുഴ: സ്വച്ഛതാ ഹി സേവ 2025 കാമ്പയിന്റെ ഭാഗമായി ആലപ്പുഴ ബീച്ചിൽ ‘സ്വച്ഛോത്സവം’ മെഗാ ക്ലീനിങ് പരിപാടി സംഘടിപ്പിച്ചു. മെഗാ ബീച്ച് ക്ലീനിങ് പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭയുടെയും ജില്ലാ ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
1500 പേർ പങ്കെടുത്ത ശുചീകരണ യജ്ഞത്തിൽ 600 കിലോ അജൈവ മാലിന്യങ്ങൾ ശേഖരിച്ചു. സെപ്റ്റംബർ 17 ന് ആരംഭിച്ച കാമ്പയിൻ നവംബർ ഒന്ന് വരെ തുടരും. പരിപാടിയിൽ നഗരസഭാധ്യക്ഷ കെ കെ ജയമ്മ അധ്യക്ഷയായി. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ സി പ്രേംജി ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഐടിബിപി സേനാംഗങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ, എൻസിസി, എൻഎസ്എസ്, മലിനീകരണ നിയന്ത്രണ ബോർഡ് അംഗങ്ങൾ, നഗരസഭ പ്രതിനിധികൾ തുടങ്ങിയവർ ശുചീകരണത്തില്‍ പങ്കെടുത്തു. വരും ദിവസങ്ങളിൽ ജില്ലയിലെ മറ്റ് ബീച്ചുകളിലും ശുചീകരണം നടത്തും.






