തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിലൂടെ കടന്നു പോകുന്ന സ്വാമിപാലം – കൂട്ടുമ്മൽ റോഡിൽ തകർന്ന് കിടന്ന ഭാഗത്തെ പണികൾ ആരംഭിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപയും, പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും 5 ലക്ഷം രൂപായും അനുവദിച്ചാണ് പണികൾ ആരംഭിച്ചത്. നിലവിലെ റോഡ് അര അടി ഉയർത്തുകയും, ഇരുഭാഗങ്ങളിൽ കോൺക്രീറ്റ് വർക്കും ഉണ്ട്. കൂട്ടുമ്മേൽ – സ്വാമിപാലം റോഡിൽ കൂട്ടുമ്മേൽ പാലം മുതൽ 223 മീറ്ററിലെ ജോലികൾ നേരത്തെ പൂർത്തികരിച്ചിരുന്നു തുടർന്നുള്ള പണികളാണ് ആരംഭിച്ചത്. പണികൾ പൂർത്തികരിച്ച് ഉടനെ ഗതാഗതത്തിന് തുറന്ന് കൊടുക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് പറഞ്ഞു.
പ്രതിദിനം നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന റോഡിൽ മൂന്ന് വർഷക്കാലമായി വലിയ കുഴികൾ രൂപപ്പെട്ട് കാൽനടയാത്ര പോലും ബുദ്ധിമുട്ടായിരുന്നു. കഴിഞ്ഞ കാലങ്ങളിലുണ്ടായ വലിയ വെളളപ്പൊക്കത്തിൽ ഉണ്ടായ കുത്തൊഴുക്കിൽ റോഡിന്റെ ഇരുവശങ്ങൾ ഒലിച്ച് പോയത് റോഡിന്റെ തകർച്ചയ്ക്ക് പ്രധാന കാരണമായി.
എടത്വ , മാവേലിക്കര ഭാഗങ്ങളിൽ നിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കാവുംഭാഗത്തെ തിരക്ക് ഒഴിവാക്കി ഇടിഞ്ഞില്ലത്ത് എത്താൻ ഈ വഴി ഉപയോഗിക്കാറുണ്ട്.