തൃശ്ശൂർ: കർക്കടകത്തിലെ ദുർഘടം തീരുന്നതിനും പുതുവർഷം ശോഭനമാകുന്നതിനും വേണ്ടി മഹാവിഷ്ണുവിന്റെ അവതാര രൂപങ്ങളെ ഒറ്റദിവസം കണ്ടു തൊഴുന്നതിന് പ്രശസ്തമായ നാലമ്പല ദർശനത്തിന് 17 മുതൽ തുടക്കമാകും.
കേരളത്തിലെ ഏറ്റവും പ്രശസ്ത ശ്രീരാമസ്വാമി ക്ഷേത്രമായ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന നാലമ്പല ദർശന യാത്ര തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ തൊഴുത് 14 കിലോമീറ്റർ അപ്പുറത്തുള്ള ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിലും ദർശനം നടത്തി അവിടെനിന്ന് എറണാകുളം ജില്ലയിലുള്ള മൂഴിക്കുളം ലക്ഷ്മണ പെരുമാൾ ക്ഷേത്രത്തിലേക്ക് 30 കിലോമീറ്റർ താണ്ടി അവിടെ നിന്നും 30 കിലോമീറ്റർ ഇരിങ്ങാലക്കുട സമീപത്ത് വന്ന പായമ്മൽ ശത്രുഘ്‌ന ക്ഷേത്രത്തിൽ ദർശനവും നടത്തി തിരിച്ചു തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തുന്നതോടുകൂടി നാലമ്പല യാത്രയിലെ ഒരു പ്രദക്ഷിണം സമാപിക്കുന്നു. ഒരു ദിവസം കൊണ്ടുതന്നെ ശ്രീരാമസ്വാമിയെയും ഭരത സ്വാമിയേയും ലക്ഷ്മണ പെരുമാളിനെയും ശത്രുഘ്‌ന ഭഗവാനെയും തൊഴുന്നതാണ് നാലമ്പല യാത്ര.
തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം
നാലമ്പല ദർശനത്തിലെ പ്രധാന ദേവനാണ് തൃപ്രയാർ ശ്രീരാമസ്വാമി. തൃപ്രയാർ ശ്രീരാമസ്വാമിയെ തൊഴുതുകൊണ്ടാണ് നാലമ്പല ദർശനം ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും. രാവിലെ 3.30 ന് നട തുറക്കുകയും ദർശനം ലഭിക്കുകയും ചെയ്യും. ശേഷം 5 മണിക്ക് ഉഷപൂജയ്ക്കും എതിർത്തു പൂജയ്ക്കും നടയടച്ചാൽ 6.15ന് ശേഷമേ ദർശനം ലഭിക്കുകയുള്ളൂ. 6.45 ന് നടയടച്ചാൽ 7.15 മുതൽ 12 മണി വരെ ദർശനം നടത്താം. വൈകുന്നേരം നാലുമണിക്ക് നടതുറന്ന് ശീവേലി കഴിഞ്ഞതിനുശേഷം രാത്രി എട്ടുമണിക്ക് നട അടയ്ക്കുന്നതുവരെ ദർശനമുണ്ട്.
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം തൃപ്രയാറിൽ നിന്ന് ദർശനം കഴിഞ്ഞാൽ നേരെ പോകേണ്ടത് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലേക്കാണ് ശ്രീരാമ പാദുകങ്ങൾ പൂജിച്ച് രാജഭരണം നടത്തിയ ഭരത സ്വാമിയുടെ പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് കൂടൽമാണിക്യം. മാറ്റുനോക്കുന്നതിന് വിഗ്രഹത്തിനോട് ചേർത്ത് മാണിക്യം വെച്ചപ്പോൾ ആ മാണിക്യം വിഗ്രഹത്തിൽ അലിഞ്ഞു ചേർന്നതിനാൽ ആണ് കൂടൽമാണിക്യം എന്ന പേര് വന്നത്. രാവിലെ 4 മണി മുതൽ 7.30 വരെയും ശേഷം 8.15 മുതൽ 10.30 വരെയും ഉച്ചപൂജയ്ക്ക് 11.15ന് നടയടച്ച് 12 മണിവരെയും ദർശന സൗകര്യമുണ്ട്. വൈകുന്നേരം 5 മണി മുതൽ രാത്രി 8 മണി വരെ ദർശനം നടത്താം.
മൂഴിക്കുളം ലക്ഷ്മണ പെരുമാൾ ക്ഷേത്രം
നാലമ്പല ദർശനത്തിലെ മൂന്നാമത്തെ ക്ഷേത്രമാണ് മൂഴിക്കുളം ലക്ഷ്മണ പെരുമാൾ ക്ഷേത്രം.ശ്രീരാമന്റെ സന്തതസഹചാരിയായ സുമിത്രാ പുത്രന്റെ ക്ഷേത്രദർശന പുണ്യം വർണ്ണിച്ചാലും തീരാത്തതാണല്ലോ. രാവിലെ 4.30 ന് നട തുറന്ന് 11 മണി വരെ ദർശനം ലഭിക്കും. വൈകുന്നേരം 5 മണി മുതൽ 8 മണി വരെയും ദർശനമുണ്ട്.
പായമ്മൽ ശത്രുഘ്‌ന സ്വാമി ക്ഷേത്രം
ലക്ഷ്മണ പെരുമാളിനെ ദർശിച്ചു കഴിഞ്ഞാൽ പിന്നെ പോകുന്നത് ശത്രുഘ്‌ന സ്വാമി ക്ഷേത്രത്തിലേക്ക് ആണ്. രാവിലെ 5.30ന് ആണ് നട തുറക്കുന്നത് എങ്കിലും ഉച്ചയ്ക്ക് രണ്ടുമണിവരെ ദർശനം നടത്താം. തുടർന്ന് 4.30 ന് തുറക്കുന്ന ക്ഷേത്രനട 9.30നേ അടയ്ക്കുകയുള്ളൂ. ദർശനം കഴിഞ്ഞ് തിരിച്ചു തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ എത്തി ദർശനം നടത്തുന്നതോടുകൂടി നാലമ്പല ദർശനത്തിനു പരിസമാപ്തിയാകും.






