കൊച്ചി : അമ്മയുടെ കൺമുന്നിൽ വച്ച് രണ്ട് പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ പിതൃസഹോദരന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. റാന്നി കീക്കൊഴൂര്‍ മാടത്തേത്ത് വീട്ടില്‍ ഷിബു എന്ന തോമസ് ചാക്കോയുടെ (47) വധശിക്ഷയാണ് റദ്ദാക്കിയത്. പ്രതിക്ക് 30 വർഷം തടവുശിക്ഷ വിധിച്ചു. ശിക്ഷാ ഇളവിന് അർഹതയുണ്ടാവില്ല.അഞ്ച് ലക്ഷം പിഴ ഈടാക്കാനും കോടതി വിധിച്ചു. ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, വി.എം.ശ്യാംകുമാർ എന്നിവരുടെ ബെഞ്ചിന്റെയാണ് വിധി.
സ്വത്ത് തര്‍ക്കത്തിനെ തുടര്‍ന്ന് 2013 ഒക്ടോബർ 27 ന് തോമസ് ചാക്കോ സഹോദരന്റെ മക്കളായ മെബിന്‍(3), മെല്‍ബിന്‍(7) എന്നിവരെ അമ്മയുടെ മുന്നിലിട്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വിധിയെഴുതിയാണ് പത്തനംതിട്ട ജില്ലാ അഡീഷണല്‍ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്.
വിചാരണക്കോടതിയുടെ വിധി ശരിവച്ച ഹൈക്കോടതി ഇത്തരത്തിലൊരു കൊലപാതകത്തിനു വധശിക്ഷയാണോ അതോ നിശ്ചിത കാലയളവിലേക്കുള്ള ജീവപര്യന്തമാവുമോ ഉചിതമാവുക എന്ന് പരിശോധിക്കുകയും ശിക്ഷ 30 വർഷം ജീവപര്യന്തമാക്കി മാറ്റുകയും ചെയ്യുകയായിരുന്നു.