മാരാമൺ : സമൂഹത്തിൽ ഐക്യം അനിവാര്യമാണെന്ന സന്ദേശം നൽകി 130 -ാമത് മാരാമൺ കൺവെൻഷൻ്റെ 8 നാൾ നീണ്ടു നിന്ന യോഗങ്ങൾക്ക് ഇന്ന് വൈകിട്ട് സമാപനമായി.
ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലിത്ത സമാപന സന്ദേശം നൽകി. ദൈവീക മൂല്യങ്ങൾ നമ്മളിലൂടെയാണ് ലോകം അറിയേണ്ടതെന്നും വീടുകളിൽ രൂപാന്തരം അനിവാര്യമാണെന്നും തിയഡോഷ്യസ് മെത്രാപ്പൊലിത്ത പറഞ്ഞു.
വീടുകളിൽ വചനവായനയ്ക്കും പഠനത്തിനും കുട്ടികൾക്ക് മാതാപിതാക്കൾ അവസരം ഒരുക്കണം. തിന്മകളെ നന്മകളാക്കി രൂപപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് വീടുകളിൽ നിന്നു തന്നെ തുടക്കമാകണം. സൈബർ ധാർമികതകളെ വളരെ ഗൗരവത്തോടെ കാണേണ്ട കാലമാണിത്.
അപകടങ്ങൾ വർധിച്ചു വരുന്ന ഇക്കാലത്ത് നമ്മെ സംരക്ഷിക്കുന്ന, ബഹുമാനിക്കുന്ന ഗതാഗത സംസ്കാരം ഇവിടെ ഉണ്ടാകണം. ലോകത്തിൽ വൈവിധ്യങ്ങളുടെ മധ്യത്തിൽ ദൈവിക വാഗ്ദത്തം നമ്മളിൽ അന്വർഥമായി തുടരാൻ കൂട്ടായ്മകൾ ഇനിയും തുടരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഡോ. രാജ്കുമാർ റാംചന്ദ്രൻ മുഖ്യ സന്ദേശം നൽകി. ഡോ. ഐസക് മാർ പീലക്സിനോസ് അധ്യക്ഷത വഹിച്ചു
രാവിലെ നടന്ന യോഗത്തിൽ റവ. ഡോ. വിക്ടർ അലോയോ മുഖ്യ സന്ദേശം നൽകി. ഡോ. യുയാക്കീം മാർ കൂറിലോസ് അധ്യക്ഷത വഹിച്ചു.