പത്തനംതിട്ട : പത്തനംതിട്ട ജനറൽ ആശുപത്രി ഭരണത്തിന് കമ്മിറ്റി രൂപീകരിക്കാൻ ജില്ലാ പഞ്ചായത്തിന് ഹൈക്കോടതി അനുമതി . പുതിയ കമ്മിറ്റി രൂപീകരിക്കും വരെ ഹൈക്കോടതി നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമുള്ള സ്ഥിതി തുടരാനും നിർദേശം നൽകി. പത്തനംതിട്ട നഗരസഭ ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജെറി അലക്സ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
പുതിയ കമ്മിറ്റി നിലവിൽ വന്നാൽ ആശുപത്രിയുടെ ഭരണ നിർവഹണ ചുമതല ഈ കമ്മിറ്റിയ്ക്ക് ആയിരിക്കുമെന്നും ജസ്റ്റിസ് മുരളി പുരുഷോത്തമൻ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി. പത്തനംതിട്ട ജനറൽ ആശുപത്രിയുടെ ഭരണച്ചുമതല ജില്ലാ പഞ്ചായത്തിന് വിട്ടു നൽകിയതിനെതിരെ നഗരസഭ പ്രതിഷേധിക്കുകയും പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. തങ്ങളോട് ആലോചിക്കാതെയാണ് ജനറൽ ആശുപത്രി ഭരണം ജില്ലാ പഞ്ചായത്തിന് വിട്ടു നൽകിയതെന്ന് എൽഡി എഫ് ഭരിക്കുന്ന നഗര സഭയിലെ അംഗങ്ങളും ആരോപിച്ചിരുന്നു. ഇക്കാര്യത്തിൽ യുഡി എഫ് കൊണ്ടുവന്ന പ്രമേയം എൽ ഡി എഫ് കമ്മിറ്റി അംഗീകരിക്കുകയും ചെയ്തിരുന്നു.
ജനറൽ ആശുപത്രിയിൽ ഇപ്പോൾ നിർമാണം നടക്കുന്ന കെട്ടിടത്തിന്റെ ശില പാകൽ ചടങ്ങിൽ നിന്ന് നഗരസഭ ചെയർമാൻ ഉൾപ്പെടെയുള്ള ഭരണകക്ഷി നേതാക്കൾ പരിപാടിയിൽ നിന്ന് വിട്ടു നിന്നത് പ്രതിഷേധത്തിന്റെ ഭാഗമായായിരുന്നു. ഇതിന് ശേഷമാണ് നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഹൈക്കോടതിയിൽ ഹർജി നൽകിയത്