തിരുവല്ല : വന നിയമ ഭേദഗതി ഉപേക്ഷിക്കുന്നതിന് സർക്കാരിനെ പ്രേരിപ്പിച്ച പ്രധാന കാരണം കേരളാ കോൺഗ്രസിന്റെയും ചെയർമാൻ ജോസ് കെ. മാണിയുടെയും ശക്തമായ നിലപാടായിരുന്നുവെന്ന് ഡോ. ഗീവർഗീസ് മാർ കുറിലോസ് മെത്രാപ്പോലീത്താ. കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മാണിസവും കേരളത്തിൻ്റെ സാമുദായിക സംസ്കാരിക തനിമയും എന്ന വിഷയത്തിൽ നടത്തിയ സംസ്ഥാനതല ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിയോജിക്കുമ്പോൾ അവഗണിക്കാൻ കഴിയാത്ത രാഷ്ട്രീയ സാന്നിധ്യമായിരുന്നു കെ.എം മാണിയുടേതെന്നും കേരള രാഷ്ട്രീയത്തിന്റെ അജണ്ട നിർണ്ണയിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. കെ.എം മാണി മുന്നോട്ടുവച്ച അധ്വാനവർഗ്ഗ സിദ്ധാന്തത്തെ പരിഹസിച്ചവർക്ക് പോലും പിൽക്കാലത്ത് അതിനെ അംഗീകരിക്കേണ്ടി വന്നു. കർഷകരെയും കർഷകത്തൊഴിലാളികളെയും പ്രത്യേക വർഗ്ഗമായി മുന്നിൽ കണ്ട് കെ.എം മാണി ചൂണ്ടിക്കാണിച്ച അധ്വാന സിദ്ധാന്തം സത്യമാണെന്ന് കാലം തെളിയിച്ചു. കാലത്തിനു മുമ്പേ സഞ്ചരിച്ച ക്രാന്തദർശിയായ സൈദ്ധ്യന്തികനായിരുന്നു അദ്ദേഹം.
കൃഷിയുടെ പ്രാധാന്യവും കൃഷിക്കാരുടെ പ്രശ്നങ്ങളും പരിഹരിച്ചില്ലെങ്കിൽ ഇൻഡ്യൻ ജനാധിപത്യത്തിന് പോലും വലിയ ഭീഷണികളെ നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നിൽ കണ്ടു. ഇന്ത്യയുടെ ദേശീയ രാഷ്ട്രീയത്തിൽ നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കുന്ന ശക്തിയായി കർഷകർ ഇന്ന് ഉയർന്നുവന്നത് അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകളെ അടിവരയിടുന്ന വസ്തുതയാണ്. മതാധിപത്യത്തിലേക്ക് വഴുതിവീഴാതെ ഇന്ത്യയുടെ ഇന്നത്തെ രാഷ്ട്രീയത്തെ സംരക്ഷിക്കുന്ന ശക്തിയാണ് ഇന്ന് രാജ്യത്തിൻ്റെ ഹൃദയഭൂമികയിലുള്ള കർഷകർ. ഈ കഴിഞ്ഞ കാലങ്ങളിലെ ദേശീയ രാഷ്ട്രീയം നിരീക്ഷിക്കുന്നവർക്ക് ഇത് കാണുവാൻ കഴിയും. ഈ യാഥാർത്യം വളരെ നേരത്തെ മനസ്സിലാക്കിയ രാഷ്ട്രീയ ബോധത്തിൽ നിന്നാണ് അധ്വാനവർഗ്ഗ സിദ്ധാന്തം പിറന്നത്. മത സാമുദായിക മൈത്രിയും സാമൂഹിക സൗഹാർദ്ദവും നിലനിർത്തി നാനാത്വത്തിൽ ഏകത്വം പ്രാവർത്തികമാകേണ്ട സാമൂഹിക ഘടനയാണ് കേരളത്തിൽ നിലനിൽക്കുന്നതെന്ന തിരിച്ചറിവോടെയാണ് കെഎം മാണി തൻറെ രാഷ്ട്രീയ ജീവിതത്തെയും പുതുജീവിതത്തെയും രൂപപ്പെടുത്തിയത്. ഭൂവിസ്തൃതി കുറവും ജനസാന്ദ്രത കൂടുതലുമുള്ള കേരളത്തിൽവ്യത്യസ്ത ജനവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായാൽ അത് പുരോഗതിയെ ബാധിക്കും എന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിരുന്നു.
കരുണാർദ്രമായ ഹൃദയത്തോടെ വേദനിക്കുന്നവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവർക്ക് ആശ്വാസം പകരുന്നവരാകണം രാഷ്ട്രീയ നേതാക്കൾ എന്ന് സ്വന്തം ജീവിതം കൊണ്ട് പ്രവർത്തിച്ചു കാണിച്ച വിശാലമനസ്കനായ ജല നേതാവായിരുന്നു കെ. എം മാണിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് സിറിയക് ചാഴികാടൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി അഡ്വ. അലക്സ് കോഴിമല, ജില്ലാ പ്രസിഡൻ്റ് സജി അലക്സ്, ഉന്നതാധികാര സമിതിയംഗം ചെറിയാൻ പോളച്ചിറക്കൽ, സ്റ്റിയറിംഗ് കമ്മിറ്റിയംഗം
സാജൻ തൊടുക,സംസ്ഥാന സെക്രട്ടറി ഷേയ്ക്ക് അബ്ദുള്ള, ജേക്കബ് മാമ്മൻ വട്ടശ്ശേരിൽ, സാം കുളപള്ളി, സോമൻ താമരചാലിൽ, സംസ്ഥാന സെക്രട്ടറി ദീപക് മാമ്മൻ മത്തായി, വൈസ് പ്രസിഡന്റ് ജോജി പി. തോമസ്, സംസ്ഥാന സെക്രട്ടറിന്മാരായ ബിറ്റു വൃന്ദാവൻ, ഷിബു തോമസ്, റോണി വലിയപറമ്പിൽ, അജിതാ സോണി, സുനിൽ പയ്യപ്പള്ളി, ആൽവിൻ ജോർജ്, സിജോ പ്ലാത്തോട്ടം, ടോബി തൈപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.