കൊല്ലം : സ്വന്തം മനോവികാസത്തിനും സമൂഹത്തിൻ്റെ നന്മയ്ക്കും ഉതകുന്ന പുതിയ ശീലങ്ങൾ ഉള്ളിൽ ജനിക്കുന്ന ദിനമാണ് ഒരു വ്യക്തിയുടെ യഥാർത്ഥ ജന്മദിനമെന്ന് മാതാ അമൃതാനന്ദമയി.
അമൃതപുരിയിൽ അമൃതാനന്ദമയിയുടെ 72 ആം ജന്മദിനാഘോഷം അതിവിപുലമായ ചടങ്ങുകളോടെ നടക്കുന്നിടെയാണ് അമ്മ ഓർമിപ്പിച്ചത്. സന്തോഷിക്കുന്നതിലേറെ ദുഃഖിക്കുന്നവരാണ് ലോകത്തിലുള്ളതെന്നും അവരെ ആശ്വസിപ്പിക്കുന്നതും കണ്ണീരൊപ്പുന്നതും ഒരു കൈത്താങ്ങായി അവർക്കൊപ്പം നിൽക്കുന്നതുമാണ് അമൃതാനന്ദമയിയുടെ സന്തോഷവും ആഘോഷവുമെന്നും അവര്‍ പറഞ്ഞു.
സ്വന്തം മനോവികാസത്തിനും സമൂഹത്തിൻ്റെ നന്മയ്ക്കും ഉതകുന്ന പുതിയ ശീലങ്ങൾ ഉള്ളിൽ ജനിക്കണം. മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ടുള്ള വിദ്യാഭ്യാസം നൽകാൻ നമുക്ക് സാധിക്കണം. സമൂഹത്തോടും രാജ്യത്തോടും ലോകത്തോടും, പ്രകൃതിയോടുമുള്ള കടമയും കടപ്പാടും നിറവേറ്റാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതാവണം വിദ്യാഭ്യാസം.
ദുഃഖിക്കുന്ന മനുഷ്യരെ സേവിക്കുന്നതാണ് അമൃതാനന്ദമയി ഈശ്വരപൂജയായി കാണുന്നത്. എല്ലാവരിലും ആ ത്യാഗബുദ്ധി ഉണരട്ടെ എന്നും ലോകത്തെ മൂടുന്ന സ്വാർത്ഥതയുടെയും വിദ്വേഷത്തിൻ്റെയും സംഘർഷത്തിൻ്റെയും അന്ധകാരത്തെ അകറ്റിക്കൊണ്ട് സ്‌നേഹത്തിൻ്റെയും നിസ്വാർത്ഥതയുടെയും പ്രകാശം മനുഷ്യൻ്റെ അകവും പുറവും നിറയട്ടെ എന്നും മാതാ അമൃതാനന്ദമയി പറഞ്ഞു.