കോന്നി: ഇളകൊള്ളൂർ ശ്രീമഹാദേവർ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്രം അവസാനിക്കുകയല്ല ആരംഭിക്കുകയാണ് ചെയ്യുന്നതെന്ന് യാഗത്തിൻ്റെ മുഖ്യ ആചാര്യൻ (അധര്യു) ഡോ. ഗണേഷ് ജോഗലേക്കർ. ഇന്നലെ നടന്ന അതിരാത്ര സമാപന സമ്മേളനം ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തതിന് ശേഷം സംസംരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യൻ്റെ യജ്ഞ കർമ്മങ്ങൾ ഒരിടക്കാലത്തേക്ക് തീർന്നു എന്നത് ശരിയാണ്. പക്ഷെ അതേറ്റുവാങ്ങി ഇനി നീണ്ട നാൾ ദേവതകൾ അവരുടെ യജ്ഞം തുടരും. നേരത്തെ സോമയാഗം നടന്ന മണ്ണാണിത്. യാഗത്തിൽ പങ്കെടുത്ത എല്ലാവരെയും ദേവതകൾ അനുഗ്രഹിക്കും. സമർപ്പിക്കലാണ് യജ്ഞമെന്നും യജ്ഞത്തെ നമ്മൾ സംരക്ഷിച്ചാൽ യജ്ഞം നമ്മളെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഋക്യജുസാമാഥർവ്വങ്ങളിലെ ആയിരക്കണക്കിന് മന്ത്രങ്ങൾ താളാത്മകമായി ചൊല്ലുന്ന അർത്ഥം മനസ്സിലാകില്ലെങ്കിലും അതു കേൾക്കുന്നത് പുണ്യമാണ്. ഇതൊക്കെയാണ് സനാധന ധർമം. ഇത് സംരക്ഷിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
സമാപന സമ്മേളനത്തിൽ ശാന്താനന്ദമഠം ഋഷിജ്ഞാനസാധനാലയം സ്വാമിനി ദേവി ജ്ഞാനാഭിഷ്‌ഠാനന്ദഗിരി അധ്യക്ഷനായി.