തിരുവല്ല: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന്റെ ഭാഗമായി തിരുവാഭരണ ഘോഷയാത്ര നാളെ നടക്കും. രാവിലെ 9.30 ന് കലശാഭിഷേകത്തോടെ ചടങ്ങുകൾ ആരംഭിക്കും. ഉച്ചകഴിഞ്ഞ് 3.30 ന് കാവുംഭാഗം തിരുഏറങ്കാവ് ദേവീക്ഷേത്രത്തിൽ നിന്നും ചക്കുളത്തുകാവിലേക്കു ദേവിക്കു ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര നടക്കും.
വാദ്യമേളങ്ങളുടെയും നിശ്ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെ നടക്കുന്ന ഘോഷയാത്രയ്ക്ക് കാവുംഭാഗം, മണിപ്പുഴ, പൊടിയാടി, വൈക്കത്തില്ലം, നെടുമ്പ്രം, നീരേറ്റുപുറം എന്നിവിടങ്ങളിൽ വിവിധ സംഘടനകളുടെ സ്വീകരണം ഉണ്ടാകും.
ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി തിരുവാഭരണ ഘോഷയാത്രയ്ക്ക് നേതൃത്യം നൽകും. ഘോഷയാത്ര ക്ഷേത്രത്തിലെത്തിയ ശേഷം ദേവിക്ക് തിരുവാഭരണം ചാർത്തി ദീപാരാധന നടക്കും. മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി.നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും.






