പത്തനംതിട്ട : കുറ്റകൃത്യം നടത്തിയശേഷം ഒളിവിൽ കഴിഞ്ഞ സ്ഥലം പോലീസിനോട് വെളിപ്പെടുത്തി എന്ന് ആരോപിച്ച് യുവാവിനെ മർദ്ദിച്ചു. സംഘത്തിലെ മൂന്നുപേരെ കീഴ്വായ്പൂർ പോലീസ് പിടികൂടി. സംഘത്തിലെ അഞ്ചാം പ്രതി അനന്തു ബിനു (26), മൂന്നാം പ്രതി പ്രണവ് പ്രസന്നൻ (35), ഏഴാം പ്രതി
ലിൻസൻ ലാലൻ (25) എന്നിവരാണ് പോലീസിന്റെ തെരച്ചിലിൽ പിടിയിലായത്.
കല്ലുപ്പാറ ചെങ്ങരൂർചിറ ശാസ്താംഗൽ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കുന്നക്കാട്ട് വീട്ടിൽ എൽവിൻ ജി രാജ(27)നാണ് സംഘത്തിന്റെ മർദ്ദനമേറ്റത്. കുന്നന്താനം സ്വദേശികളായ അനന്തു വിനയൻ, പ്രവീൺ, പ്രണവ്, ഉണ്ണിക്കുട്ടൻ, അനന്തു ബിനു, ലിൻസൻ മറ്റു കണ്ടാൽ അറിയാവുന്ന മറ്റൊരാളും ചേർന്ന് ഇന്നലെ വൈകുന്നേരം എൽവിൻ്റെ വീടിൻ്റെ സമീപം വച്ചാണ് ദേഹോപദ്രവം ഏൽപ്പിച്ചത്.
കഴിഞ്ഞദിവസം എൽവിനെയും സുഹൃത്തുക്കളായ മറ്റ് രണ്ടുപേരെയും സംശയകരമായ സാഹചര്യത്തിൽ വീടിന് സമീപത്തുനിന്നും കീഴ്വായ്‌പ്പൂർ പോലീസ് പിടികൂടുകയും, കഞ്ചാവ് ബീഡി വലിച്ചതിന് കേസെടുത്ത ശേഷം ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. തുടർന്നാണ് ഇയാൾക്ക് മർദ്ദനമേറ്റത്. എൽവിൻ കീഴ്‌വായ്‌പ്പൂർ സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റിൽ പെട്ടയാളാണ്.
പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.