ന്യൂഡൽഹി: രാജ്യവ്യാപകമായി റെയിൽവേ ടിക്കറ്റ് നിരക്ക് വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ . റെയിൽവേ ബോർഡ് പുതിയ നിരക്ക് പട്ടിക പ്രസിദ്ധീകരിച്ചു. എസി കോച്ചുകളിൽ ഓരോ കിലോമീറ്ററിനും രണ്ട് പൈസ വർധനവുണ്ടാകും. എക്‌സ്പ്രസ്, മെയിൽ ട്രെയിനുകളുടെ സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾക്ക് ഒരു പൈസ വീതം കൂടും. എസി ത്രീ-ടയർ, ചെയർകാർ, ടു-ടയർ എസി, ഫസ്റ്റ് ക്ലാസ് എന്നിവയ്ക്ക് കിലോമീറ്ററിന് രണ്ട് പൈസ വർധന ബാധകമാണ്. സെക്കൻഡ് ക്ലാസ്, സ്ലീപർ ക്ലാസ് ടിക്കറ്റുകൾക്ക് ഒരു പൈസ വർധനവ് ഉണ്ടാകും.
500 കിലോമീറ്റർ വരെയുള്ള ഓർഡിനറി നോൺ-എസി ടിക്കറ്റുകൾക്ക് നിരക്കിൽ മാറ്റമില്ല. 501 മുതൽ 1500 കിലോമീറ്റർ വരെ 5 രൂപയും, 1501 മുതൽ 2500 കിലോമീറ്റർ വരെ 10 രൂപയും, 2501 മുതൽ 3000 കിലോമീറ്റർ വരെ 15 രൂപയും ടിക്കറ്റ് നിരക്കിൽ കൂടും. എന്നാൽ മുൻകൂട്ടി ബുക്ക് ചെയ്‌ത സബർബൻ, സീസൺ ടിക്കറ്റുകൾക്ക് ഈ വർധന ബാധകമല്ല.