തിരുവല്ല: എം സി റോഡിലെ കുറ്റൂരിൽ മണിക്കൂറുകളുടെ വിത്ത്യാസത്തിൽ രണ്ട് അപകടങ്ങൾ നടന്നു. കുറ്റൂർ ഗവ ഹയർ സെക്കൻ്റി സ്ക്കൂളിനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അമ്മയ്ക്കും മകനും പരിക്കേറ്റതാണ് ആദ്യ സംഭവം. ഇന്ന് രാവിലെ 9 മണിക്കായിരുന്നു അപകടം. ചെങ്ങന്നൂർ ഭാഗത്തു നിന്നു തിരുവല്ല ഭാഗത്തേക്ക് പോയ ഇരുവാഹനങ്ങളിൽ, മുന്നിൽ പോയ ഒരു വാഹനം പെട്ടെന്ന് തിരിച്ചതാണ് അപകടത്തിന് കാരണമായത്. തുടർന്ന് അമ്മയും മകനേയും നാട്ടുകാർ ചേർന്ന് തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സംഭവത്തിൽ അര മണിക്കൂറോളം എം സി റോഡിൽ വാഹന ഗതാഗതം തടസപ്പെട്ടു.
ഉച്ചയ്ക്ക് 3.45 ന് ആയിരുന്നു രണ്ടാമത്തെ അപകടം. തിരുവനന്തപുരത്ത് നിന്നു ചങ്ങനാശ്ശേരിക്ക് പോയ ഇലട്രിക് കാർ തോണ്ടറ പാലത്തിന്റെ കൈവരിയിൽ ഇടിച്ച് റോഡിന് കുറുകെ നിന്ന കാറിൽ മറ്റൊരു കാർ ഇടിക്കുക ആയിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇതിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. തുടർന്ന് നാട്ടുകാരും പോലീസും എത്തിയാണ് വാഹന ഗതാഗതം നിയന്ത്രിച്ചത്.
അതേ സമയം കുറ്റൂർ തോണ്ടറ പാലം മുതൽ ആറാട്ടുകടവ് വരട്ടാർ പാലം വരെയുള്ള ഒന്നര കിലോമീറ്റർ നേർരേഖയായ റോഡിൽ അപകടങ്ങൾ വർദ്ധിക്കുന്നു. റോഡ് ഉന്നത നിലവാരത്തിൽ പണിതതോടെ വാഹനങ്ങൾ അമിത വേഗത്തിലാണ് കടന്നു പോകുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
കുറ്റൂർ പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫീസ്, കൃഷി ഭവൻ, സിഡിഎസ് ഓഫീസ്, കമ്മ്യൂണിറ്റി ഹാൾ, ബി എസ് എൻ എൽ ഓഫിസ്, ഗവ ഹയർ സെക്കൻ്റി സ്കൂൾ, ആയൂർവേദ ഡിസ്പെൻസറി, മൃഗാശുപത്രി, സർവ്വിസ് സഹകരണ ബാങ്ക്, ഐ ഒ ബി ബാങ്ക്, സ്വകാര്യ ഫിനാൻസ് ബാങ്കുകൾ തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് റോഡിന്റെ ഇരുവശങ്ങളിലും പ്രവർത്തിക്കുന്നത്. ഇതിലേക്ക് എത്തുന്ന ജീവനക്കാരും അവരുടെ വാഹനങ്ങളും മറ്റ് കടകളിൽ എത്തുന്നവർ കൂടി വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.