കോഴഞ്ചേരി : ജില്ലാ ആശുപത്രിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ലക്ഷ്യ നിലവാരത്തിലുള്ള ലേബര്‍ റൂം & ഓപ്പറേഷന്‍ തിയറ്റര്‍, നേത്ര വിഭാഗം (ഡെഡിക്കേറ്റഡ് ഐ യൂണിറ്റ്), വയോജന വാര്‍ഡ് എന്നിവയുടെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോർജ് സെപ്റ്റംബര്‍ 3-ന് വൈകിട്ട് 3 മണിക്ക് നിർവഹിക്കും.
കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വലിയ വികസനമാണ് നടന്നുവരുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കിഫ്ബിയിലൂടെ 30.25 കോടി രൂപ മുതല്‍ മുടക്കി നിര്‍മ്മിക്കുന്ന ഒ.പി. ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 80 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. 2.62 കോടി രൂപ ചിലവില്‍ രണ്ട് നിലകളിലായി 11900 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ദേശീയ നിലവാരത്തില്‍ ലക്ഷ്യ ലേബര്‍ റൂം ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നത്.
ഒന്നാം നിലയില്‍ ആധുനിക രീതിയിലുള്ള മോഡുലാര്‍ ഓപ്പറേഷന്‍ തീയറ്റര്‍, 4 ലേബര്‍ സ്യൂട്ട്, വെയിറ്റിംഗ് ഏരിയ, എന്‍ഐസിയു, റിസപ്ഷന്‍, ട്രയാജ് റൂം, നഴ്‌സിംഗ് സ്റ്റേഷന്‍, ഡൈനിംഗ് ഏരിയ, വാഷിംഗ് ഏരിയ എന്നിവയാണുള്ളത്. രണ്ടാം നിലയില്‍ ആന്റിനേറ്റല്‍ വാര്‍ഡ്, പോസ്റ്റ്നേറ്റല്‍ വാര്‍ഡ്, പോസ്റ്റ് ഓപ്പറേറ്റീവ് റൂം, എച്ച്.ഡി.യു, ഐസോലേഷന്‍ റൂം, ഡോക്ടേഴ്‌സ് റൂം എന്നിവയാണുള്ളത്.
1.2 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച വയോജന വാര്‍ഡില്‍ 14 കിടക്കകളോട് കൂടിയുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1.3 കോടി രൂപ മുതല്‍ മുടക്കില്‍ നേത്ര രോഗ വിഭാഗം ഡെഡിക്കേറ്റഡ് യൂണിറ്റിന്റെ ഭാഗമായി നേത്ര വാര്‍ഡ്, ഒ.പി, ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. 3 കോടി രൂപ മുതല്‍മുടക്കിലാണ് ജില്ലാ ടി.ബി സെന്റര്‍ നിര്‍മ്മിക്കുന്നത്.