തിരുവനന്തപുരം : പാറശ്ശാല ഷാരോണ്‍ വധക്കേസിൽ ഗ്രീഷ്മയും അമ്മാവൻ നിർമ്മലകുമാറും കുറ്റക്കാർ. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിട്ടു.കേസിൽ നാളെ ശിക്ഷാ വിധിപറയും. മുര്യങ്കര ജെപി ഹൗസിൽ ജെ.പി.ഷാരോൺ രാജിനെ (23) വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കാമുകിയായ ഗ്രീഷ്മ (22) കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. ഗ്രീഷ്മക്കെതിരെ കൊലപാതകം, വിഷം നൽകൽ, തെളിവ് നശിപ്പിക്കൽ അടക്കം കുറ്റങ്ങൾ തെളിഞ്ഞു. മൂന്നാം പ്രതി അമ്മാവൻ തെളിവ് നശിപ്പിച്ചെന്ന് കോടതി കണ്ടെത്തി .സംശയത്തിന്റെ ആനുകൂല്യത്തിൽ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിട്ടു .
ഗ്രീഷ്‌മയുടെ വിവാഹം ഉറപ്പിച്ചിട്ടും പ്രണയബന്ധത്തിൽനിന്നു ഷാരോൺ പിന്മാറാത്തതാണു കൊലപാതകത്തിനു കാരണമെന്നാണ് കേസ്. 2022 ഒക്‌ടോബർ 14ന് ഗ്രീഷ്മയുടെ വീട്ടിൽ വച്ചാണ് ഷാരോൺ രാജ് കഷായം കഴിക്കുന്നത്. ദേഹസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാരോൺ 11 ദിവസത്തിന് ശേഷം മരിച്ചു.കഴിഞ്ഞ വഷം ഒക്ടോബർ 15ന് തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്. നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്.