മലപ്പുറം : പള്ളിപ്പുറത്തു നിന്നു 6 ദിവസം മുൻപ് കാണാതായ വിഷ്ണുജിത്തിന് വേണ്ടിയുള്ള അന്വേഷണം തുടരുന്നു .കാണാതായതിന് ശേഷം വിഷ്ണുജിത്തിന്റെ ഫോൺ ഒരു തവണ ഓണായിട്ടുണ്ട്.സഹോദരി വിളിച്ചപ്പോഴാണ് ഫോൺ റിങ് ചെയ്തത്. ഫോൺ ഓണായ ഊട്ടി കുനൂർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷിക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്. സംഭവത്തിൽ അന്വേഷണ സംഘം തമിഴ്നാട് പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്.
നാലാം തീയതിയാണ് മലപ്പുറം പള്ളിപ്പുറം സ്വദേശിയായ വിഷ്ണുജിത്തിനെ കാണാതാകുന്നത്. വിവാഹത്തിനായി കുറച്ചു പണം സംഘടിപ്പിക്കാനുണ്ടെന്നും അതിനായി പാലക്കാട്ടു പോയതാണെന്നുമാണ് വീട്ടിൽ വിളിച്ചറിയിച്ചത്.പിന്നീട് ഫോൺ സ്വിച്ച് ഓഫായി.വിഷ്ണുവിന് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.സുഹൃത്തിൽനിന്ന് വാങ്ങിയ ഒരു ലക്ഷം രൂപയും വിഷ്ണുജിത്തിന്റെ പക്കലുണ്ട്.പാലക്കാട് കഞ്ചിക്കോട് ഐസ്ക്രീം കമ്പനിയില്‍ ജോലിക്കാരനാണ് വിഷ്ണുജിത്ത്.