തിരുവനന്തപുരം : വയനാട്ടിലെ ദുരന്തബാധിതര്‍ക്കു സംസ്ഥാന സർക്കാർ സഹായധനം പ്രഖ്യാപിച്ചു.ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ആറു ലക്ഷം രൂപ നല്‍കും.70 ശതമാനം അംഗവൈകല്യം സംഭവിച്ചവര്‍ക്ക് 75,000 രൂപയും 40 മുതൽ 60 ശതമാനം അംഗവൈകല്യത്തിന് 50,000 രൂപയും നല്‍കും.ഗുരുതരമായ പരിക്കു പറ്റിയവർക്കും 50,000 രൂപ അനുവദിക്കും. മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
സംസ്ഥാന ദുരിതാശ്വാസ നിധിയില്‍നിന്ന് നാല് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപയുമാണ് അനുവദിക്കുക. കാണാതാവരുടെ ആശ്രിതര്‍ക്കു പൊലീസ് നടപടി പൂര്‍ത്തിയാക്കി സഹായധനം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.താല്‍ക്കാലിക പുനരധിവാസത്തിന്റെ ഭാഗമായി വാടക വീടുകളിലേക്കോ ബന്ധു വീടുകളിലേക്കോ മാറുന്നവര്‍ക്കു പ്രതിമാസ വാടകയായി 6000 രൂപ അനുവദിക്കും.