ആലപ്പുഴ : പുലർച്ചെ സംസ്ഥാനത്തെ വിവിധ ജില്ലകളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം. ട്രാക്കുകളിൽ മരം വീണതിനാൽ പല ട്രെയിനുകളും വൈകിയോടുകയാണ്. ഓച്ചിറയിലും തകഴിയിലും ട്രാക്കിൽ മരം വീണതോടെ പാലരുവി എക്സ്പ്രസും ആലപ്പുഴ വഴി പോകേണ്ട ഏറനാട് എക്സ്പ്രസും പിടിച്ചിട്ടു.
ആലപ്പുഴയിൽ പലയിടത്തും അതിശക്തമായ കാറ്റാണ് വീശിയത്. ഹരിപ്പാട്, മണ്ണഞ്ചേരി, പാതിരപ്പള്ളി, ചേർത്തല, തിരുവിഴ,കരുമാടി, പുറക്കാട് എന്നിവിടങ്ങളിൽ മരം വീണു. കായംകുളം കൊറ്റുകുളങ്ങരയിൽ വീടിന് മുകളിൽ മരം വീണു. കോട്ടയം, കുമരകം ഭാഗങ്ങളിൽ ശക്തമായ കാറ്റിൽ മരങ്ങൾ വീണു.
അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.