തിരുവല്ല : പെരിങ്ങര പഞ്ചായത്തിൽ ഭീതി വിതച്ച് കാട്ടുപന്നി കൂട്ടം. പതിനൊന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്തെ കാട് നിറഞ്ഞ പുരയിടത്തിലും എട്ടാം വാർഡിൽ ഉൾപ്പെടുന്ന സ്വാമി പാലം, ഇളയിടത്ത് തുടങ്ങിയ ഭാഗങ്ങളിലാണ് ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി 15ൽ അധികം വരുന്ന കാട്ടുപന്നി കൂട്ടങ്ങളെ സമീപവാസികൾ കണ്ടത്.
പെരിങ്ങര പഞ്ചായത്ത് ഓഫീസിന് സമീപം കാട് മൂടി ആളൊഴിഞ്ഞുകിടക്കുന്ന പുരയിടത്തിന് സമീപത്ത് നായകളുടെ നിർത്താതെയുള്ള കുരകേട്ട് സമീപവാസികൾ നടത്തിയ പരിശോധനയിലാണ് കാട്ടുപന്നി കൂട്ടങ്ങളെ കണ്ടത്.
പ്രദേശവാസികൾ ചേർന്ന് പടക്കം പൊട്ടിച്ച് ശബ്ദം ഉണ്ടാക്കിയതോടെ ഇവ ചിതറിയോടി. ഇവയിൽ ആറോളം കാട്ടുപന്നികളെ ഇന്നലെ രാത്രിയോടെ മറ്റൊരു പുരയിടത്തിൽ കണ്ടെത്തി. കാട്ടുപന്നികൾ ആക്രമിക്കുന്ന ഭീതി മൂലം ആരും അടുത്തേക്ക് ചെന്നില്ല. സമീപവാസികളിൽ ഒരാൾ ഇവയുടെ ചിത്രം മൊബൈലിൽ പകർത്തിയിരുന്നു.
ഇന്ന് രാവിലെ മുതൽ നാട്ടുകാർ ചേർന്ന് പല ഭാഗങ്ങളിലും പന്നികളെ കണ്ടെത്താനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. എന്നാൽ ചിലയിടങ്ങളിൽ ഒന്നു രണ്ടെണ്ണത്തെ കണ്ടതായി നാട്ടുകാർ പറഞ്ഞു. റാന്നി ഉൾപ്പെടുന്ന വനമേഖലയിൽ നിന്നും 50 കിലോമീറ്റർ ദൂരം വരുന്ന പെരിങ്ങരയിൽ കാട്ടുപന്നികൾ കൂട്ടത്തോടെ എങ്ങനെ എത്തി എന്ന ആശങ്കയിലാണ് പ്രദേശവാസികൾ.