എല്ലാ വർഷവും ഏപ്രിൽ 22 ന് ലോകമെമ്പാടുമുള്ള ആളുകൾ ഭൗമദിനം ആഘോഷിക്കുന്നു. നമ്മുടെ ഗ്രഹത്തെ സംരക്ഷിക്കുന്നതിനുള്ള അവബോധം വളർത്തുന്നതിനും അതിനു വേണ്ടി പ്രവർത്തിക്കുന്നതിനുമായി ഈ ദിനം സമർപ്പിച്ചിരിക്കുന്നു.ഭൂമിയുടെ അമൂല്യമായ വിഭവങ്ങൾ പരിപോഷിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള നമ്മുടെ കൂട്ടായ ഉത്തരവാദിത്തത്തിൻ്റെ ശക്തമായ ഓർമ്മപ്പെടുത്തലാണ് ഈ ദിനം.1970 ഏപ്രില്‍ 22 മുതല്‍ അമേരിക്കയിലാണ് ‘ഭൂമിക്കായി ഒരു ദിനം’ ആചരിച്ച് തുടങ്ങിയത്.
പ്രവചനാതീതമായ കാലാവസ്ഥയിലൂടെയാണ് നാം കടന്ന് പോകുന്നത്. അന്തരീക്ഷ മലിനീകരണം, പരിസ്ഥിതി മലിനീകരണം, കാലാവസ്ഥാ വ്യതിയാനം അങ്ങനെ പല കാരണങ്ങളാല്‍ ഭൂമി മാലിന്യക്കൂമ്പാരമായി മാറുകയാണ്.2024ലെ ഭൗമദിനത്തിൻ്റെ തീം പ്ലാനറ്റ് വേഴ്സസ് പ്ലാസ്റ്റിക് എന്നാണ്. കരയിലും കടലിലും എല്ലാം പ്ലാസ്റ്റിക് കുമിഞ്ഞുകൂടി ജീവജാലങ്ങളുടെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.മനുഷ്യന്റെയും ഭൂമിയുടേയും നിലനിൽപ്പിനായി 2040-ഓടെ പ്ലാസ്റ്റിക്കിന്റെ ഉൽപ്പാദനത്തിൽ 60% കുറവ് വരുത്താൻ ലക്ഷ്യമിട്ട്,പ്ലാസ്റ്റിക്കിന്റെ വ്യാപകമായ ഉപയോഗം അവസാനിപ്പിക്കുന്നതിനുള്ള നമ്മുടെ പ്രതിജ്ഞാബദ്ധത ഈ ദിനം ഓർമിപ്പിക്കുന്നു.പ്ലാസ്റ്റിക് മലിനീകരണത്തിൻ്റെ ഭാരമില്ലാത്ത വരും തലമുറയ്ക്കായി ഈ ഭൂമിയെ സംരക്ഷിക്കേണ്ടത് ഇന്ന് ജീവിച്ചിരിക്കുന്ന എല്ലാവരുടെയും കര്‍ത്തവ്യമാണ്.