കോഴഞ്ചേരി : പതിനേഴു വയസ് തികയാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചുകയറി ബലാൽസംഗം ചെയ്ത കേസിൽ യുവാവിനെ കോയിപ്രം പോലീസ് പിടികൂടി.
ഇരവിപേരൂർ നെടുംപുറത്ത് മല ചന്നമല കോളാറ്റിൽ വീട്ടിൽ നിന്നും കുറ്റപ്പുഴ മഞ്ഞാടി ഇരുവള്ളിപ്ര ആശാരിപ്പറമ്പിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കാർത്തിക് ബിനു ( ശരൺ-22) ആണ് പൊൻകുന്നത്തു നിന്നും പിടിയിലായത്. ജനുവരി രണ്ടിനു പുലർച്ചെ രണ്ടിനും നാല് മണിക്കും ഇടയ്ക്ക് പെൺകുട്ടിയുടെ വീടിന്റെ കിടപ്പുമുറിയുടെ മുകളിലത്തെ ഓട് ഇളക്കി മാറ്റി സാഹസികമായി ഉള്ളിൽ കടന്നാണ് ബലാൽസംഗത്തിന് ഇരയാക്കിയത്.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവരും ഒരു വർഷത്തിലധികമായി അടുപ്പത്തിലായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു അന്വേഷണം ആരംഭിച്ച പോലീസ്, ഇന്നലെ രാത്രി പൊൻകുന്നത്ത് അമ്മാവന്റെ വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി. കോയിപ്രം പോലീസ് ഇൻസ്‌പെക്ടർ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.