മാരാമൺ : 130-ാ മത് മാരാമൺ കൺവെൻഷനിൽ യുവവേദി യോഗം നടന്നു. ഡോ. ജോസഫ് മാർ ബർണബാസ് അധ്യക്ഷത വഹിച്ചു. റവ.ഡോ. സഖറിയാസ് മാർ അപ്രേം സന്ദേശം നൽകി. യുവത സ്വത്വാനേഷണ യജ്ഞത്തില്‍ ഏര്‍പ്പെടുന്നതിന്റെ പശ്ചാത്തലം ഏറെ ഗൗരവത്തോടുകൂടി നാം മനസ്സിലാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയവും മതവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ഈ കാലത്തിന്റെ യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അത് ഇന്നിന്റെ മാത്രം വസ്തുതയല്ല. നേരേ മറിച്ച് ക്രിസ്തീയ മത രൂപീകരണ കാലം മുതല്‍ക്കേ ഈ അവിശുദ്ധ കൂട്ടുകെട്ടുകള്‍ തെളിഞ്ഞും ഒളിഞ്ഞും ദൃശ്യമാണ്. സ്വത്വ അന്വേഷണ പ്രക്രിയക്ക് രാഷ്ട്രീയ, സാമൂഹിക മത പശ്ചാത്തലങ്ങള്‍ ഗൗരവമായ സ്വാധീനം ചെലുത്തുന്നുണ്ട്.
ഗൗരവമായി പരിഗണിക്കേണ്ടുന്ന ഒന്നാണ് കുടിയേറ്റങ്ങള്‍. വേരോടെ പിഴുതെറിയപ്പെടേണ്ട ഒന്നാണ് കുടിയേറ്റം. എന്നാല്‍ മാറിമറിയുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ വേരോടെയുള്ള ഈ പിഴുതെറിയല്‍ എത്ര നാള്‍ നിലനില്‍ക്കും എന്നതും ഒരു പ്രധാന ചോദ്യമാണ്. അനാഥമാക്കപ്പെടുന്ന കേരളത്തിലെ ഭവനങ്ങളും സ്വത്തുക്കളും നമ്മള്‍ ചിന്തയ്ക്കാധാരമായി എടുക്കേണ്ടതുണ്ട്.
ലൈംഗീക വൈവിധ്യങ്ങള്‍ വ്യത്യസ്ത ലോകരാജ്യങ്ങളില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്
ഇന്ന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഡിജിറ്റല്‍ വിപ്ലവം. സാങ്കേതിക വിദ്യയുടെ ആവിര്‍ഭാവത്തോടെ എന്താണ് ശരി, എന്താണ് തെറ്റ് എന്ന് തിരിച്ചറിയുവാന്‍ പോലും സാധിക്കാതെ ബുദ്ധിമുട്ടുന്ന കാലമാണിതെന്ന് മാർ അപ്രേം പറഞ്ഞു.