തിരുവല്ല : പാലിയേറ്റീവ് കെയര്‍ രംഗത്തെ വെല്ലുവിളികളും അതിനുള്ള പരിഹാരമാര്‍ഗങ്ങളും എന്ന വിഷയത്തില്‍ പ്രമുഖ പാലിയേറ്റീവ് കെയര്‍ ശൃംഖലയായ ആല്‍ഫ പാലിയേറ്റീവ് കെയറിന്‍റെ വിഷന്‍ 2030 കാമ്പയിന്‍ ശില്‍പ്പശാല തിരുവല്ലയില്‍ നടത്തി.
തിരുവല്ല കാവുംഭാഗം ആനന്ദ് കണ്‍വന്‍ഷന്‍ സെന്‍ററില്‍ നടന്ന ശില്‍പ്പശാല തിരുവല്ല മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ അനു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ കെ.എം. നൂര്‍ദീന്‍ അധ്യക്ഷനായി.കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍ ആമുഖപ്രഭാഷണം നടത്തി. ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മറിയാമ്മ ഫിലിപ്പ്, കൗണ്‍സിലര്‍ ഗംഗ രാധാകൃഷ്ണന്‍,വിഷന്‍ 2030 ഡിസ്ട്രിക്ട് ഡയറക്ടര്‍ എസ്.ബി. പ്രസാദ്, കമ്യൂണിറ്റി ഡവലപ്മെന്‍റ് ഓഫീസര്‍ എബിന്‍ മാത്യു സാം
തുടങ്ങിയവര്‍ പ്രസംഗിച്ചു.
പാലിയേറ്റീവ് കെയര്‍ രംഗത്തെ വെല്ലുവിളികളും പരിഹാരമാര്‍ഗങ്ങളും എന്ന വിഷയത്തില്‍ ആല്‍ഫ ചെയര്‍മാന്‍ കെ.എം.നൂര്‍ദീന്‍ പ്രഭാഷണം നടത്തി. സാമൂഹ്യപ്രവര്‍ത്തകരും ആരോഗ്യപ്രവര്‍ത്തകരുമടക്കം 120ല്‍പ്പരം പേര്‍ പങ്കെടുത്തു.
തൃശൂര്‍ എടമുട്ടം ആസ്ഥാനമായി 4 ജില്ലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇന്ത്യയിലെ പ്രമുഖ പാലിയേറ്റീവ് കെയര്‍ ശൃംഖലയായ ആല്‍ഫ പാലിയേറ്റീവ് കെയര്‍ 19 വര്‍ഷമായി 56000ല്‍പ്പരം പേര്‍ക്ക് നിരന്തര പരിചരണം നല്‍കുകയും നിലവില്‍ 9121 പേര്‍ക്ക് പരിചരണമെത്തിക്കുകയും ചെയ്യുന്നു. കിടത്തിചികിത്സയുള്ള ഒരു ഹോസ്പീസും 18 ലിങ്ക് സെന്‍ററുകളും 32 മെഷീനുകളുള്ള ഡയാലിസിസ് സെന്‍ററും പരിചരിക്കാന്‍ ഉറ്റവരില്ലാത്ത, പരസഹായമില്ലാതെ ജീവിതം സാധ്യമാകാത്തവരെ സംരക്ഷിക്കാന്‍ 36 മുറികളുള്ള ആല്‍ഫ കെയര്‍ ഹോമും ഉള്‍പ്പെടെ വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്