തിരുവല്ല: കേന്ദ്ര സർക്കാർ അമൃത് പദ്ധതിയിലൂടെ 700 ക്ഷേത്രകുളങ്ങൾ പൂർത്തീകരിച്ചതായി കേന്ദ്ര സഹമന്ത്രി അഡ്വ ജോർജ് കുര്യൻ പറഞ്ഞു. അഴിയിടത്തുചിറ ഉത്രമേൽ ക്ഷേത്രകുളം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. ഉത്രമേൽ ക്ഷേത്രക്കുളത്തിന് പുറമെ 2026-ൽ സമീപത്തുള്ള ക്ഷേത്രകുളങ്ങളും നവീകരിക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
തിരുവല്ല നഗരസഭ 29 ആം വാർഡിൽ ഉത്രമേൽ ക്ഷേത്രക്കുളം മൂന്നു പതിറ്റാണ്ടായി കാട് മൂടി ഉപയോഗശൂന്യമായ നിലയിലായിരുന്നു. തുടർന്ന് ഭക്തരും പ്രദേശവാസികളും ആവശ്യപ്പെട്ടതിനെ തുടർന്ന് കേന്ദ്ര സർക്കാരിന്റെ അമൃത് 2 പദ്ധതിയിൽ ജലാശയങ്ങളുടെ പുനരുജ്ജീവനം എന്ന സെക്ടറിൽ ഉൾപ്പെടുത്തി 43.8 ലക്ഷം രൂപ ചിലവഴിച്ചാണ് കുളം നവീകരിച്ചത്.
ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ എംഎൽഎ അഡ്വ. മാത്യു ടി തോമസ് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ അനു ജോർജ് മുഖ്യപ്രഭാഷണം നടത്തി.
തിരുവിതാംകൂർ ദേവസ്വം ബോർഡ് അസി കമ്മീഷണർ അർച്ചന, അമൃത് ജില്ലാ കോഡിനേറ്റർ ആദർശ്, ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ പ്രതാപചന്ദ്രവർമ്മ, രാധാകൃഷ്ണമേനോൻ, വാർഡ് കൗൺസിലർ ശ്രീനിവാസ് പുറയാറ്റ്, കൗൺസിലർമാരായ വിജയൻ തലവന, സജി എം മാത്യു, മിനി പ്രസാദ്, ഗംഗ രാധാകൃഷ്ണൻ, അന്നമ്മ മത്തായി, വിമൽ ജി, പൂജാ ജയൻ, ക്ഷേത്രം പ്രസിഡന്റ് വികെ മുരളീധരൻ നായർ, മുൻസിപ്പൽ സെക്രട്ടറി ആർ കെ ദീപേഷ് തുടങ്ങിയവർ പ്രസംഗിച്ചു.