പത്തനംതിട്ട : വർഷങ്ങൾക്ക് മുമ്പ് ഹിമാചൽ പ്രദേശിലെ കുളുവിൽ മഞ്ഞുമലയിൽ സൈനീക വിമാനാപകടത്തിൽ മരിച്ച ഇലന്തൂർ ഈസ്റ്റ് ഒടാലിൽ തോമസ് ചെറിയാൻ്റെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ അന്തിമ ഘട്ടത്തിലാണെന്ന് ബന്ധുക്കൾ. വിമാനാപകടത്തെ തുടർന്ന് കാണാതാകുമ്പോൾ തോമസ് ചെറിയാന് 22 വയസായിരുന്നു .കരസേനയിൽ ക്രാഫ്റ്റ്സ്മാനായിരുന്നു.
56 വർഷങ്ങൾക്ക് ശേഷമാണ് മൃതദേഹം വീണ്ടെടുക്കുന്നത്. തോമസ് ചെറിയാൻ്റെതടക്കം 4 മൃതദേഹങ്ങളാണ് ഇപ്പോൾ കണ്ടെത്തിയത്.
1968 ഫെബ്രുവരി 7 ന് ഉണ്ടായ വിമാനാപകടത്തിൽ മരിച്ച 4 സൈനികരുടെ മൃതദേഹങ്ങളാണ് ഇപ്പോൾ കണ്ടെത്തിയത്. 102 യാത്രക്കാരുമായി ചണ്ഡീഗഡിൽ നിന്നും ലേയിലെക്ക് പോയ ഇന്ത്യൻ എയർഫോഴ്സിൻ്റെ എ എൻ – 12 ഇരട്ട എഞ്ചിൻ വിമാനമാണ് ഹിമാചൽ പ്രദേശിലെ കുളുവിൽ റോഹ്താങ് ചുരത്തിന് മുകളിൽ വച്ച് അപകടത്തിൽ പെട്ടത്. അപകടത്തിൽ മരിച്ച നിരവധി സൈനികരുടെ മൃതദേഹങ്ങൾ കണ്ടു കിട്ടിയിരുന്നില്ല. പിന്നീട് തിരച്ചിൽ അവസാനിപ്പിച്ചെങ്കിലും ഏ ബി വാജ്പെയി പ്രധാനമന്ത്രിയായിരിക്ക ഈ അപകടത്തിൽ പെട്ട സൈനികർക്കായി തിരച്ചിൽ പുനരാരംഭിച്ചിരുന്നു.
56 വർഷക്കാലം തങ്ങളുടെ ജേഷ്ഠ പിതാവിൻ്റെ തടക്കം കാണാതായവർക്കായി തിരച്ചിൽ നടത്തിയ സൈന്യത്തോടും സർക്കാരിനോടും ഏറെ കടപ്പാടുണ്ടെന്ന് തോമസ് ചെറിയാൻ്റെ ജ്യേഷ്ഠ സഹോദരപുത്രനായ ഷൈജു കെ. മാത്യു പറഞ്ഞു. സൈന്യത്തിൻ്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വിട്ടുകിട്ടിയാൽ ഇലന്തൂർ കാരൂർ പള്ളിയിലെ കുടുംബക്കല്ലറയിൽ സംസ്കാരം നടത്താനാണ് കുടുംബാംഗങ്ങളുടെ തീരുമാനം.
നാല് മൃതദേഹങ്ങൾ കണ്ടെത്തിയതിൽ മൽഖാൻ സിങ്, ശിപായി നാരായൺ സിങ്, ക്രാഫ്റ്റ്സ്മാൻ തോമസ് ചെറിയാൻ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. തിരിച്ചറിയാത്ത ഒരു മൃതദേഹം റാന്നി കാട്ടുർ സ്വദേശിയായ സൈനികൻ്റെതാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.