പത്തനംതിട്ട : ഗതാഗത നിയന്ത്രണഡ്യൂട്ടി ചെയ്തുവന്ന ഹോം ഗാർഡിനെ മർദ്ദിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ പത്തനംതിട്ട പോലീസ് പിടികൂടി. കുമ്പഴ വരുവാതിൽ വീട്ടിൽ ജിന്റോ ജോർജ്(39)ആണ് അറസ്റ്റിലായത്.
പത്തനംതിട്ട ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റിലെ ഹോം ഗാർഡ് ഷിബു കുര്യന് ചൊവ്വ വൈകിട്ട് മൂന്നേകാലിന് കുമ്പഴയിൽ വച്ചാണ് മർദ്ദനമേറ്റത്. കുമ്പഴ ട്രാഫിക് പോയിന്റിൽ സെക്കന്റ് ടേൺ ഡ്യൂട്ടിക്കിടെയായിരുന്നു മദ്യലഹരിയിലെത്തിയ യുവാവിന്റെ പരാക്രമം.
യാതൊരു പ്രകോപനവുമില്ലാതെ അസഭ്യം വിളിച്ചുകൊണ്ടു ഷിബുവിന് നേരെ കയ്യേറ്റത്തിനു മുതിർന്നത്. ഒഴിഞ്ഞുമാറിയപ്പോൾ വീണ്ടും അസഭ്യവർഷം നടത്തുകയും, കഴുത്തിന് കുത്തിപ്പിടിച്ച് തള്ളി താഴെയിടുകയുമായിരുന്നു. തുടർന്ന്, യൂണിഫോമിന്റെ ഇടതുവശത്തെ ഫ്ലാപ്പ് വലിച്ചുകീറി, നാഭിയിൽ ചവുട്ടി, കൈകൊണ്ട് മുഖത്തിടിച്ചു. ആളുകൾ ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിന്മാറാതെ ദേഹോപദ്രവം തുടർന്ന പ്രതി, കുറച്ചുകഴിഞ്ഞു സ്ഥലംവിട്ടു. ഷിബു ട്രാഫിക് എസ് ഐ യെ വിളിച്ച് വിവരം പറഞ്ഞതിനെതുടർന്ന്, പോലീസ് എത്തി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് ഷിബുവിനെ മാറ്റി.
പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമം, ദേഹോപദ്രവം ഏൽപ്പിക്കൽ എന്നീ ക്രിമിനൽ കേസുകളിൽ ഉൾപ്പെടെ 17 കേസുകളിൽ പ്രതിയാണ് ജിന്റോ. 2011 ലെടുത്ത വധശ്രമക്കേസിൽ ഇയാളെ കോടതി അഞ്ചുവർഷത്തേക്ക് ശിക്ഷിച്ചിരുന്നു, തുടർന്ന് ഇയാൾ ജാമ്യത്തിലിറങ്ങി. ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാറിന്റെ നിർദേശാനുസരണം അന്വേഷണം ഊർജ്ജിതമാക്കിയതിനെ തുടർന്ന് പ്രതിയെ ഉടനടി പത്തനംതിട്ട പോലീസ് പിടികൂടി. കുമ്പഴ ജംഗ്ഷന് സമീപത്തു നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്
കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പത്തനംതിട്ട പോലീസ് ഇൻസ്‌പെക്ടർ ഷിബുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. സംഘത്തിൽ എസ് ഐ ജിനു, എസ് സി പി ഓ അനുരാജ്, സി പി ഓമാരായ അഭിരാജ്, വിഷ്ണു, ശ്രീലാൽ എന്നിവരാണ് ഉണ്ടായിരുന്നത്.