കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗർഭപാത്രം നീക്കൽ ശസ്ത്രക്രിയയ്ക്കിടെ കുടലിന് മുറിവേറ്റ് രോഗി മരിച്ചു.പേരാമ്പ്ര സ്വദേശിനി വിലാസിനി(57)യാണ് മരിച്ചത്. ഗർഭപാത്രം നീക്കുന്ന ശസ്ത്രക്രിയയ്‌ക്കിടെ കുടലിന് മുറിവേൽക്കുകയും തുടർന്നുണ്ടായ അണുബാധയുമാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കൾ പറയുന്നു.
വെള്ളിയാഴ്ചയായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്കിടെ കുടലിനു ചെറിയ മുറിവേറ്റെന്നും പേടിക്കേണ്ട കാര്യമില്ലെന്നും ഡോക്ടർമാർ ബന്ധുക്കൾ അറിയിച്ചു. വാർഡിലേക്ക് മാറ്റിയ രോഗിക്ക് സാധാരണ ഭക്ഷണം കഴിക്കാൻ തുടങ്ങിയതോടെ വയറുവേദന അനുഭവപ്പെട്ടു. തുടർന്ന് അണുബാധയുണ്ടായെന്നും ഉടൻ ശസ്ത്രക്രിയ വേണമെന്നും ഡോക്ടർമാർ പറഞ്ഞു. ശസ്ത്രക്രിയ നടത്തിയെങ്കിലും ഇന്നു പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ടിനും മെഡിക്കല്‍ കോളേജ് പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.